പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പണം തട്ടിപ്പ്: പ്രതി മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മോന്‍സണ്‍ മാവുങ്കലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.നിരീക്ഷണത്തിനു ശേഷം മോന്‍സണെ കോടതിയില്‍ ഹാജരാക്കാമെന്നാണ് വിവരം.

Update: 2021-09-28 09:07 GMT

കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മോന്‍സണ്‍ മാവുങ്കലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിരീക്ഷണത്തിനു ശേഷം മോന്‍സണെ കോടതിയില്‍ ഹാജരാക്കാമെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മോന്‍സണ്‍ മാവുങ്കലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ട് അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കുന്നതിനായി വൈദ്യപരിശോധനയ്ക്കാണ് മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ എത്തിച്ചത്.പരിശോധനയില്‍ ഇയാളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധനയ്ക്കായി നീരീക്ഷണത്തില്‍ ആക്കുകയായിരുന്നു.തുടര്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇയാളെ കോടതിയില്‍ ഹാജരാക്കുകയെന്നാണ് വിവരം.

കുറ്റകൃത്യത്തിലുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പ്രതി മോന്‍സണ്‍ മാവുങ്കലിനെ തെളിവെടുക്കേണ്ടതിനും കേസിലുള്‍പ്പെട്ടതും ഇയാള്‍ കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നു ക്രൈംബ്രാഞ്ച് ഹരജിയില്‍ പറയുന്നു. പ്രതി പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എങ്ങിനെ ഉപയോഗപ്പെടുത്തി, തട്ടിപ്പിനുള്ള ഉറവിടത്തെപ്പറ്റിയും അന്വേഷണം തുടരുന്നതിനു ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്നു ഹരജിയില്‍ പറയുന്നു. അതേ സമയം തെളിവുകളൊന്നുമില്ലെന്നാണ് മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷയിലെ പ്രധാനവാദം

Tags:    

Similar News