കുട്ടികളേ നിങ്ങള്‍ റെഡിയാണോ...? വീട്ടിലിരുന്ന് മത്സരത്തില്‍ പങ്കെടുക്കാം
ബ്രേയ്ക്ക് ദ ചെയിന്‍, സ്റ്റേ അറ്റ് ഹോം ക്യാമ്പയിന്റെ ഭാഗമായാണു വനിതാ ശിശുവികസനവകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തളിര്‍ ട്വന്റി എന്ന പേരില്‍ വീട്ടിലിരുന്നൊരു മത്സരം സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണായ സാഹചര്യത്തില്‍ കുട്ടികളും അവരവരുടെ വീടുകളില്‍ ബോറടിച്ച് അടങ്ങിയിരിപ്പാണ്. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനുപോലും കഴിയാത്ത ഈ അവസരത്തില്‍ കുട്ടികളിലെ സര്‍ഗസൃഷ്ടികളെ ഉണര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പുത്തന്‍ ആശയുമായി എത്തിയിരിക്കുകയാണു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്.
ബ്രേയ്ക്ക് ദ ചെയിന്‍, സ്റ്റേ അറ്റ് ഹോം ക്യാമ്പയിന്റെ ഭാഗമായാണു വനിതാ ശിശുവികസനവകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തളിര്‍ ട്വന്റി എന്ന പേരില്‍ വീട്ടിലിരുന്നൊരു മത്സരം സംഘടിപ്പിക്കുന്നത്. ചിത്രരചന, കഥ, കവിതാ രചന, കടങ്കഥകള്‍-പഴഞ്ചൊല്ലുകള്‍ എന്നിവ ശേഖരിക്കല്‍, വായിച്ച പുസ്തകത്തെക്കുറിച്ചൊരു ആസ്വാദനക്കുറിപ്പ് തയാറാക്കല്‍, കൊളാഷ് നിര്‍മാണം, ദിനപത്രം തയാറാക്കല്‍, പോസ്റ്ററുകള്‍ അല്ലെങ്കില്‍ ട്രോളുകള്‍ നിര്‍മ്മിക്കല്‍, പത്രക്കടലാസുകള്‍ കൊണ്ടുള്ള വിവിധ നിര്‍മിതികള്‍ എന്നിവയാണു കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന മത്സര ഇനങ്ങള്‍.
മത്സരങ്ങളിലെല്ലാം കുട്ടികള്‍ വീട്ടിലിരുന്നാണ് പങ്കെടുക്കേണ്ടത്. 18 വയസിന് താഴെയുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാകുക. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ബയോഡാറ്റ, കലാസൃഷ്ടി, അവര്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ dcpupta@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 18 ന് മുമ്പായി അയക്കണം. വീഡിയോകള്‍ ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ഒരു കുട്ടിക്ക് എത്ര മത്സരങ്ങളില്‍ വേണമെങ്കിലും പങ്കെടുക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2319998, 8281954196, 9048460213 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.