ഉത്രയുടെ അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ കൈമാറാൻ ബാലക്ഷേമ സമിതി ഉത്തരവ്
നിലവിൽ സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് പിടിയിലായതോടെ കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും കൈമാറാൻ കൊല്ലം ബാലക്ഷേമ സമിതി ഉത്തരവിട്ടു. സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
കുഞ്ഞിന്റെ സുരക്ഷയ്ക്ക് പ്രധാന്യം നൽകിയാണ് ഇവർക്കൊപ്പം വിടുന്നതെന്നും ബാലക്ഷേമ സമിതി അറിയിച്ചു. നിലവിൽ സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം ഉന്നയിച്ച് വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് കത്ത് നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധന നിരോധന നിയമ പ്രകാരവും ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭർത്താവ് സൂരജിനും ഭർത്തൃകുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ. ഷാഹിദാ കമാൽ അറിയിച്ചു.