ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രൈസ്തവന്‍ വേണം; നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: ദേശീയ ന്യൂനപക്ഷ അധ്യക്ഷനായി ക്രിസ്തീയ സമുദായത്തിലുള്ള വ്യക്തി വേണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയല്‍. ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നദ്ദയോട് ആവശ്യപ്പെട്ടതായി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.
ഏകദിന സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തിയത്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും പൂര്‍ണമായും തുടച്ചു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്താന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് 4ന് സംസ്ഥാന കോര്‍കമ്മറ്റിയിലും തുടര്‍ന്ന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന പൊതുസമ്മേളത്തിലും അദ്ദേഹം പങ്കെടുത്തു. രാത്രിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.