വിശ്വാസികള്‍ക്ക് വിശുദ്ധ ദിനം, ലഹരിവിരുദ്ധ പരിപാടിക്ക് ഞായറാഴ്ച തിരഞ്ഞെടുത്തത് വേദനാജനകം; എതിര്‍പ്പുമായി ക്രൈസ്തവ സംഘടനകള്‍

Update: 2022-10-01 07:30 GMT

കൊച്ചി: ലഹരിവിരുദ്ധ ക്യാംപയിന്‍ നാളെ തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകള്‍. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രായോഗി ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ, പരിപാടിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ കാംപയിന്‍ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനത്തില്‍ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തി. നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ ആരെയും വെല്ലുവിളിക്കാനില്ല. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെസിബിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കെസിബിസിക്ക് പിന്നാലെ മാര്‍ത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ കാംപയിന്‍ ആചരിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികള്‍ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് ഞായറാഴ്ചയിലെ ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നെന്നും മാര്‍ത്തോമാ സഭ വ്യക്തമാക്കി.

അതേസമയം സര്‍ക്കാരിന് വൈരാഗ്യബുദ്ധിയോ നിര്‍ബന്ധ ബുദ്ധിയോ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. നാളത്തന്നെ പരിപാടി നിശ്ചയിച്ചത് ഗാന്ധി ജയന്തിയെന്ന ദിനത്തിലെ പ്രാധാന്യം കണക്കാക്കി മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത് സന്ദേശവുമായി പരമാവധി സഹകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ ബോധവത്കരണം നാളെക്കൊണ്ട് തീരുന്നതല്ല എന്നും മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കണണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടികള്‍ നടത്തുന്നതിന് നടപടി ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പരമാവധി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഗാന്ധിജയന്തി ദിനത്തില്‍ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News