സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്ന് സിയാല്‍ മാതൃക തെളിയിക്കുന്നു: മുഖ്യമന്ത്രി
വിമാനത്താവള നടത്തിപ്പില്‍ സ്വകാര്യ കുത്തക കമ്പനികളെ കൊണ്ടുവന്നാലേ വികസനം സാധ്യമാകൂ എന്നൊരു അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിമാനത്താവള നിര്‍മാണവും വികസനവും വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് സിയാല്‍ തെളിയിക്കുന്നു. നാട്ടുകാരുടെ മണ്ണും മനസ്സും ഏറ്റെടുത്താണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. അവ സമ്പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ചുകൂട
കൊച്ചി: സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്നും സ്വകാര്യ കുത്തകകളെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റ്(സിയാല്‍) മാതൃക തെളിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ന്റെ നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം. സിയാലില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേയ്ക്ക് 27 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.വിമാനത്താവള നടത്തിപ്പില്‍ സ്വകാര്യ കുത്തക കമ്പനികളെ കൊണ്ടുവന്നാലേ വികസനം സാധ്യമാകൂ എന്നൊരു അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിമാനത്താവള നിര്‍മാണവും വികസനവും വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് സിയാല്‍ തെളിയിക്കുന്നു.
നാട്ടുകാരുടെ മണ്ണും മനസ്സും ഏറ്റെടുത്താണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. അവ സമ്പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ചുകൂടാ. സിയാല്‍ മാതൃകയില്‍ നടത്തുന്ന വികസനത്തിന് നാട്ടുകാരുടെ മണ്ണിനേയും മനസ്സിനേയും ഉള്‍ക്കൊള്ളാന്‍ കഴിയും.2016-ല്‍ ഈ ഡയറക്ടര്‍ബോര്‍ഡ് അധികാരത്തില്‍ വരുമ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ 7000 പേര്‍ ജോലി ചെയ്തിരുന്നു. 2020 മാര്‍ച്ചില്‍ അത് 12000 പേര്‍ ആയി. രണ്ടായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ സിയാല്‍ പൂര്‍ത്തിയാക്കിയത്. എന്നിട്ടും ഒരു രൂപ പോലും യൂസര്‍ ഫീസായി യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ സൗരോര്‍ജ പ്ലാന്റുകളുടെ ശേഷി 15.5 മെഗാവാട്ടില്‍ നിന്ന് 40 മെഗാവാട്ടായി ഉയര്‍ത്താന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിയാല്‍ പയ്യന്നൂരില്‍ സ്ഥാപിച്ചുവരുന്ന 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയില്‍ പൂര്‍ത്തിയായി വരുന്ന 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയും ഈ വര്‍ഷം അവസാനത്തോടെ കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
30 രാജ്യങ്ങളില്‍ നിന്നായി 19000 നിക്ഷേപകരുണ്ട് സിയാലില്‍. കമ്പനിയുടെ 26-ാമത് വാര്‍ഷിക പൊതുയോഗമാണ് ഇത്. കോവിഡ് പ്രോട്ടോക്കോള്‍ മുന്‍നിര്‍ത്തി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗം നടത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 655.05 കോടി രൂപ മൊത്തവരുമാനം നേടി. 204.05 കോടി രൂപയാണ് ലാഭം. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ലാഭം 200 കോടി രൂപ മറികടക്കുന്നത്. ഓഹരിയുടമകള്‍ക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. ഇതോടെ 2003-04 മുതല്‍ നല്‍കിവരുന്ന ലാഭവിഹിതം മൊത്തം 282 ശതമാനമായി ഉയര്‍ന്നു.
സിയാലില്‍ സംസ്ഥാന സര്‍ക്കാരിന്റേയും കേരള പൊതുമേഖലാ സ്ഥാപനങ്ങളുടേയും ആകെ ഓഹരി 34.15 ശതമാനം ആണ്. ഇതുവരെ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലാഭവിഹിതമായി മാത്രം 368.46 കോടി രൂപ സിയാലില്‍ നിന്ന് തിരികെ ലഭിച്ചു. മാനേജ്മെന്റിനെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രിയെക്കൂടാതെ സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി തോമസ് ഐസക്, മന്ത്രി സുനില്‍ കുമാര്‍, എം എ യൂസഫ് അലി, എന്‍ വി ജോര്‍ജ്, ഇ എം ബാബു, കെ റോയ് പോള്‍, എ കെ രമണി, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് പങ്കെടുത്തു.