ഐഎംഎയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ ആരോഗ്യവകുപ്പിനെ പുഴുവരിച്ചുവെന്ന് പറയാനാവു
വിദഗ്ധരാണെന്ന് പറയുന്നവര്‍ നാടിനെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളല്ല പറയേണ്ടത്.
തിരുവനന്തപുരം: ഐഎംഎയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിനെ പുഴുവരിച്ചുപോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തിലങ്ങനെ പറയാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു വകയും ഉണ്ടായിട്ടില്ല. ആരോഗ്യ രംഗത്തിന്റെ പ്രവര്‍ത്തനത്തെ ഒരുമയുടെ ഭാഗമായാണ് നാട് മുക്തകണ്ഠം പ്രശംസിക്കുന്നത്. എന്തിനും ഒരു വ്യത്യസ്തതയുണ്ടാകും. അത് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഉയര്‍ത്തുന്നത് എന്നത് അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ ഇതേവരെ സ്വീകരിച്ച എല്ലാ നടപടികളും ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ഉപദേശം കൂടി മാനിച്ചാണ് മുന്നോട്ട് പോകുന്നത്. സ്വയമേവ വിദഗ്ധരാണെന്ന് ധരിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാരെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇങ്ങനെയൊരു വിദഗ്ധനെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഞങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണ്. ആവശ്യമായ കരുതല്‍ ഉണ്ടോയെന്ന് ചോദിക്കുന്നുണ്ട്. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിലൊട്ടും സംശയിക്കേണ്ട. വിദഗ്ധരാണെന്ന് പറയുന്നവര്‍ നാടിനെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളല്ല പറയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെന്തെങ്കിലും വീഴ്ചയുണ്ടെന്ന് അവര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. എല്ലാഘട്ടത്തിലും ഇത്തരത്തിലുള്ള എല്ലാവരുമായും ബന്ധപ്പെടുകയും പരസ്പരം ആശയങ്ങള്‍ കൈമാറുകയും നല്ല ആശയങ്ങള്‍ സ്വീകരിക്കുന്നതിനും ഒരു കാലത്തും, കഴിഞ്ഞ എട്ടൊമ്പത് മാസം പ്രത്യേകിച്ചും സര്‍ക്കാര്‍ ഒരു വിമുഖതയും കാണിച്ചിട്ടില്ല.
ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍, എന്തോ സര്‍ക്കാരിന്റെ ഭാഗത്ത് വല്ലാത്ത വീഴ്ച പറ്റിയോയെന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകേണ്ടെന്ന് കരുതിയാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്. ആ പ്രസ്താവന ഇറക്കിയവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടങ്കില്‍ അങ്ങനെ പറഞ്ഞോളൂ. പക്ഷെ ഞങ്ങള്‍ ആരോഗ്യ വിദഗ്ധരാണെന്ന് പറഞ്ഞ് ആരോഗ്യ രംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നല്ല കാര്യമല്ല. നല്ല പുറപ്പാടുമല്ല. മറ്റെന്തെങ്കിലും മനസില്‍ വച്ചുകൊണ്ടുള്ള പുറപ്പാടാണെങ്കില്‍ അതൊന്നും കേരളത്തില്‍ ഏശില്ല.
നമ്മുടെ സംസ്ഥാനത്തിന്റെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ജനന മരണ നിരക്ക്, കുറഞ്ഞ മാതൃശിശു മരണ നിരക്ക്, ചെലവ് കുറഞ്ഞ ആരോഗ്യ സേവനങ്ങള്‍ ഇവയൊക്കെ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ വ്യത്യസ്ഥ നിലയിലാക്കുന്നു. ഇത് നമ്മുടെ നാടാകെ ഒന്നിച്ച് നിന്ന് നേടിയതാണ്. ആ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കരുത്. നാടിന്റെ ഈ പ്രത്യേകത രാജ്യവും ലോകവും അംഗീകരിക്കുന്നതാണ് അതോര്‍മ്മ വേണം.
പല പകര്‍ച്ചവ്യാധികളും പല വര്‍ഷങ്ങള്‍ക്ക് മുമ്പേ നമുക്ക് തുടച്ചുനീക്കാനായി. ആസൂത്രണ പ്രക്രിയ സാമൂഹ്യ പങ്കാളിത്തം വിളക്കിച്ചേര്‍ത്തതിലൂടെയാണ് അതിന് സാധിച്ചത്. രണ്ടും മൂന്നും തലമുറകളില്‍പ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിലവാരത്തിലേക്ക് നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം കേരളത്തിന്റെ ആരോഗ്യ രംഗത്ത് ഉണ്ടാക്കിയ മാറ്റം എത്ര അതിശയകരമാണ്. അതൊക്കെ നമ്മുടെ നാടിന്റെ നേട്ടമാണ്. അതെല്ലാം കൊണ്ടാണ് നമുക്ക് ഇത്തരത്തിലുള്ള വേറിട്ട നില ആര്‍ജിക്കാന്‍ കഴിഞ്ഞത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ വലിയ മാറ്റങ്ങളാണ് ഓരോ പ്രദേശത്തും ഉണ്ടാക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റ് ചികിത്സാ പ്രവര്‍ത്തനങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 12, കൊല്ലം 5, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 4, ഇടുക്കി 1, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 6, മലപ്പുറം 8, കോഴിക്കോട് 5, കണ്ണൂര്‍ 1, കാസര്‍ഗോഡ് 1 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നാടിന് സമര്‍പ്പിക്കുന്നത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. അതുണ്ടാക്കിയ മാറ്റം സര്‍ക്കാരിനും നാടിനും അഭിമാനിക്കാവുന്ന കാര്യമാണ്. രണ്ടാംഘട്ടത്തില്‍ 503 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തത്. ആകെ 673 ല്‍ നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതുകൂടാതെയാണ് പുതുതായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്. ബാക്കിയുള്ളവയുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. വൈകാതെ അവയും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
സംസ്ഥാനം ഇപ്പോഴും കൊവിഡ് പ്രതിരോധത്തില്‍ പ്രത്യേകതയുള്ള സംസ്ഥാനമായി നിലനില്‍ക്കുകയാണ്. ഒട്ടേറെ പ്രശംസ, അംഗീകാരം ലഭിക്കുന്നത് നാടൊന്നിച്ച് കൊവിഡിനെതിരെ പൊരുതിയതുകൊണ്ടാണ്. പ്രമുഖ മാധ്യമ ഗ്രൂപ്പായ ഇന്ത്യാ ടുഡേ പുരസ്‌കാരം കേരളത്തിന് ലഭിച്ചതും ഇതുകൊണ്ടാണ്. ഇതില്‍ പ്രധാന പങ്ക് വഹിച്ചത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഈ സന്നിദ്ധ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍കര്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണ്. കോവിഡ് രോഗികള്‍ കൂടുന്നതനുസരിച്ച് മരണ നിരക്കും വര്‍ധിച്ചേക്കാം. അത് സംഭവിക്കാതിരിക്കാനുള്ള ഇടപെടലാണ് നടത്തുന്നത്. ഇതിനെല്ലാം നല്ല സഹകരണം ആവശ്യമാണ്. ഇനിയുള്ള ദിനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി മരണനിരക്ക് കുറച്ച കേരളത്തെയാണ് ചിലര്‍ പുഴുവരിച്ചെന്ന് പറയുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ പറഞ്ഞു. പല രാജ്യങ്ങളിലും ചികിത്സിക്കാന്‍ കിടക്കകള്‍ പോലുമില്ല. പതിനായിരക്കണക്കിന് പേരാണ് മരിച്ച് വീഴുന്നത്. ഇവിടെയാണ് നമ്മുടെ കേരളം മികച്ചതാകുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണം. അഭൂതപൂര്‍വമായ വികസനങ്ങളുടെ കുതിച്ച് ചാട്ടമാണ് കേരളത്തിലുണ്ടായത്. പ്രധാനമായ നാല് മിഷനുകളിലൂടെ വലിയ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വലിയ ജനകീയ പങ്കാളിത്തത്തോടെയാണ് ഈ നാല് മിഷനുകളും സജ്ജമാക്കുന്നത്. ആര്‍ദ്രം മിഷന്‍ ആരോഗ്യ മേഖലയില്‍ ഉണ്ടാക്കിയ മാറ്റം എല്ലാവര്‍ക്കും അറിയാം. കിഫ്ബിയിലൂടെ വലിയ ആശുപത്രികളില്‍ വലിയ വികസനം വരുത്താനായി. ചെറിയ പ്രശ്‌നങ്ങള്‍ പറഞ്ഞ് പെരുപ്പിച്ച് കാണിക്കുമ്പോള്‍ അവിടത്തെ സൗകര്യങ്ങളും സേവനങ്ങളും തിരിച്ചറിയണം. കുടുംബാരോഗ്യ കേന്ദ്രങ്ങളെ മികവുറ്റതാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. ഒരു ജനതയുടെ പ്രാഥമികമായ ആരോഗ്യം സംരക്ഷിക്കുന്ന കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാറിയിട്ടുണ്ട്. കോവിഡിന്റെ കാലത്തും വലിയ സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു.