വനിതാ മതില്‍ ചരിത്രവിജയം; ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പൊതുസമൂഹം തള്ളിക്കളഞ്ഞെന്ന് കോണ്‍ഗ്രസും ബിജെപിയും

നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതികവര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതില്‍. കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Update: 2019-01-01 15:50 GMT

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ വിസ്മയിപ്പിക്കുന്ന പങ്കാളിത്തംകൊണ്ട് ചരിത്രസംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യം ഒരുമാസം കൊണ്ടാണ് 620 കിലോമീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയത്. വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറി.

നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതികവര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതില്‍. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതില്‍ മാറി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതിമത- രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദപ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതില്‍ ചരിത്രസംഭവമാണെന്ന് ഭരണ പരിഷാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും അഭിപ്രായപ്പെട്ടു. എന്നാല്‍, ഔദ്യോഗിക മെഷിനറി പൂര്‍ണമായി ദുരുപയോഗപ്പെടുത്തി സിപിഎം കൊട്ടിഘോഷിച്ചുകൊണ്ടുവന്ന വനിതാമതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചരിത്രത്തിലുണ്ടാവാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതിലില്‍ ആളെക്കൂട്ടാന്‍ സിപിഎം കൊണ്ടുപിടിച്ച ശ്രമമാണു നടത്തിയത്. എന്നിട്ടും പ്രചരിപ്പിച്ചതു പോലെ ആളെക്കൂട്ടാന്‍ കഴിഞ്ഞില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അധികാര- ധന ദുര്‍വിനിയോഗങ്ങള്‍ നടത്തി കെട്ടിയ വനിതാമതില്‍ കേരളത്തില്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. മതന്യൂനപക്ഷങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയ മതില്‍ വര്‍ഗീയ മതിലാണെന്നത് ഊട്ടിയുറപ്പിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏറെ കൊട്ടിഘോഷിച്ച വനിതാ മതില്‍ പൊതുസമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാര്‍ട്ടി പരിപാടിയായി അധപ്പതിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും പറഞ്ഞു.



Tags:    

Similar News