കേരള കോണ്‍ഗ്രസ് (എം)തീരുമാനം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കും: മുഖ്യമന്ത്രി

ശിഥിലമായ യുഡിഎഫിന്‍റെ തകര്‍ച്ചയുടെ ആരംഭമാണ് ഈ രാഷ്ട്രീയ സംഭവ വികാസം.

Update: 2020-10-14 12:45 GMT

തിരുവനന്തപുരം: എൽഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) തീരുമാനം കേരള രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിഥിലമായ യുഡിഎഫിന്‍റെ തകര്‍ച്ചയുടെ ആരംഭമാണ് ഈ രാഷ്ട്രീയ സംഭവ വികാസം.

കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാട് വളരെ വ്യക്തമാണ്. വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്‍ഡിഎഫിന് കഴിഞ്ഞുവെന്ന് ജോസ് കെ മാണി വ്യക്തിമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളുടെ ഫലമായി കേരളത്തിലടക്കം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പ്രതിസന്ധിയില്‍ കര്‍ഷകരോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാടാണ് എല്‍ഡിഎഫും സര്‍ക്കാരും എടുക്കുന്നത്. ഇതെല്ലാം വിലയിരുത്തിയാണ് എല്‍ഡിഎഫാണ് ശരി എന്ന നിലപാട് കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചത്. ഇതു തികച്ചും സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ മതനിരപേക്ഷ ചേരിയെ ഈ തീരുമാനം ശക്തിപ്പെടുത്തും.

ഇടതുപക്ഷത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ വിശാല കൂട്ടൂകെട്ട് ഉണ്ടാക്കാനും അട്ടിമറിശ്രമം നടത്താനും ഇറങ്ങിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനം. യുഡിഎഫിന്‍റെ തെറ്റായ സമീപനങ്ങളെയാണ് ആ മുന്നണിയില്‍ നാല് പതിറ്റാണ്ടോളം ഉണ്ടായിരുന്ന കക്ഷി പരസ്യമായി തള്ളിപ്പറഞ്ഞത്. ക്രിയാത്മകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ്സിന്‍റെ വികാരം യു.ഡി.എഫില്‍ ഇപ്പോഴും തുടരുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കും ഉണ്ട്. ആ വികാരവും വരും നാളുകളില്‍ യുഡിഎഫിനെതിരെ തിരിയും. നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകില്ല എന്ന് യു.ഡി.എഫ് നേതൃത്വം തിരിച്ചറിയാത്തതിന്‍റെ ഫലമാണ് ഈ സംഭവങ്ങള്‍. കേരളാ കേണ്‍ഗ്രസ്സിന്‍റെ തീരുമാനം വന്ന പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News