പോലിസിന്റെ പ്രവര്‍ത്തനം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദനവും അനധികൃതമായി ആളുകളെ കസ്റ്റഡിയില്‍ വയ്ക്കുന്നതും ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം തെറ്റുകള്‍ ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരെ സര്‍വീസില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡിവൈഎസ്പി മുതല്‍ മുകളിലേക്കുളള ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് പോലിസ് ട്രെയിനിങ് കോളജില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയകാലത്ത് പോലിസ് നടത്തിയ സേവനങ്ങള്‍ പ്രശംസാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലിസിലെ ഒരു വിഭാഗത്തിന് പറ്റിയ ചെറിയ പിഴവുകള്‍ പൊതുജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അവ തിരുത്തി മുന്നോട്ട് പോവാനും പൊതുജനക്ഷേമം മുന്‍നിറുത്തി ആവശ്യമായ ഇടപെടലുകള്‍ നടത്താനും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലാ പോലിസ് മേധാവിമാര്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കണം. ജില്ലാ പോലിസ് മേധാവിമാര്‍ കൃത്യമായ ഇടവേളകളില്‍ പോലിസ് സ്‌റ്റേഷനുകള്‍ പരിശോധിക്കണം. ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. വര്‍ഗീയ ശക്തികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണം. അത്തരം ധ്രുവീകരണം സൃഷ്ടിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഇടപെടണം. രാഷ്ട്രീയ പ്രശ്‌നങ്ങളോട് തികച്ചും നിക്ഷ്പക്ഷമായ നിലപാട് സ്വീകരിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍, മണല്‍ മാഫിയ, ക്വട്ടേഷന്‍ സംഘങ്ങള്‍, സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരേ ശക്തമായ നടപടി തന്നെ സ്വീകരിക്കണം.
ഇന്‍സ്‌പെക്ടര്‍മാര്‍ പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. പരാതിയുമായി എത്തുന്നവരോട് നന്നായി പെരുമാറണം. പരാതികള്‍ക്ക് രസീത് നല്‍കണം. പരാതിക്കാരെ വിശദമായി കേട്ട് വിവരങ്ങള്‍ അന്വേഷിച്ച് എത്രയും പെട്ടെന്ന് മേല്‍നടപടി സ്വീകരിക്കണം. പോലിസുകാര്‍ക്ക് എതിരെയുളള നടപടികള്‍ 90 ദിവസത്തിനകം തീര്‍പ്പാക്കണം. പോലിസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പ് വരുത്തണം. അവരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് കര്‍ശനമാക്കണം.
പോലിസില്‍ ആധുനികീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നവമാധ്യമങ്ങള്‍ വഴിയും മറ്റുമുളള ഭീഷണികള്‍ നേരിടാന്‍ സി ഡാക്കിന്റെ മാതൃകയില്‍ ഏജന്‍സിക്ക് തുടക്കം കുറിക്കും. സാങ്കേതിക യോഗ്യതയുളള പോലിസ് ഉദ്യോഗസ്ഥരുടെ സേവനം അതത് മേഖലകളില്‍ വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കും.
പോലിസിന്റെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയ യോഗം എല്ലാ മേഖലകളിലും സേനയെ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍ റാങ്കിലുളള ഉദ്യോഗസ്ഥര്‍ അതത് ജില്ലകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു.