ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി: സസ്‌പെന്‍ഷന് സാധ്യത

ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അന്വേഷണ പരിധിയില്‍ വരും.

Update: 2020-07-12 04:45 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് കരുതുന്നത്. സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

കൂടാതെ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്ര പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ (ഡിഒപിടി) ഇടപെടലുണ്ടാകും. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ ഡിഒപിടി അവലോകനം ചെയ്യാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 13 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുമുണ്ട്. കേന്ദ്ര ഇടപെടലിനുള്ള സാധ്യതയും സംസ്ഥാനസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

തന്റെ ഓഫീസ് ചുമതലയുണ്ടായിരിക്കേ ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഇന്റലിജന്‍സിനു നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഇതുപ്രകാരം ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അന്വേഷണ പരിധിയില്‍ വരും.   

Tags:    

Similar News