തിരുവനന്തപുരം കല്ലറയില്‍ മീനില്‍ പുഴുവിനെ കണ്ടെത്തി
ഇവിടെ നിന്ന് മീൻ വാങ്ങിക്കഴിച്ച നാലുപേർക്ക് വിഷബാധയേറ്റിരുന്നു.
തിരുവനന്തപുരം: കല്ലറയില്‍ മീന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഇന്നലെ ഇവിടെ നിന്ന് മീൻ വാങ്ങിക്കഴിച്ച നാലുപേർക്ക് വിഷബാധയേറ്റിരുന്നു. ഒരു കുടുംബത്തിലെ നാല് പേരാണ് ഛര്‍ദ്ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ചികിൽസ തേടിയത്. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയത്. പോലിസും റവന്യു ഉദ്യോഗസ്ഥരും എത്തി സാംപിൾ ശേഖരിച്ചു.
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയില്‍ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ചിക്കൻ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളുമാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും പിഴ ഈടാക്കാൻ നോട്ടിസ് നൽകി. ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാർജിൻ ഫ്രീ ഷോപ്പുകളിലേക്കും ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകൾ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം നെടുമങ്ങാട് ബാർ ഹോട്ടൽ സൂര്യ, ഇന്ദ്രപ്രസ്ഥ, സെൻട്രൽ പ്ലാസ എന്നിവിടങ്ങളിൽ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉൾപ്പടെ കണ്ടെത്തി. എസ് യു ടി ആശുപത്രിയിലെ മെസ്സിൽ നിന്നും കാന്‍റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെത്തി. വാളിക്കോട് ജങ്ഷനിലെ കോട്ടൂരാൻ എന്ന കട പൂട്ടി. കച്ചേരി ജംഗ്ഷനില്‍ മാർജിൻഫ്രീ ഷോപ്പിൽ സാധനങ്ങൾ വെച്ച മുറിയിൽ എലിയെ പിടിക്കാൻ കൂടുവെച്ച നിലയിലായിരുന്നു. നോട്ടീസ് നൽകി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. പ്രധാന ഹോട്ടലുകളെത്തന്നെ കേന്ദ്രീകരിച്ചാണ് പരിശോധന. നാല് സ്ക്വാഡുകളാണ് ചുറ്റുന്നത്.
കാസർകോട് തമിഴ്നാട്ടിൽ നിന്നെത്തിച്ച 200 കിലോ മീനാണ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി മാർക്കറ്റിലെത്തിച്ചതായിരുന്നു. കൊച്ചിയിലും ഇടുക്കിയിലും ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലുകളിൽ പരിശോധന തുടരകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങൾ അടക്കാൻ നിർദേശം നൽകി. 12 ഹോട്ടലുകൾക്ക് നോട്ടിസ് നൽകി.