കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റിങിന് അനുമതിയില്ലെന്ന് സര്‍ക്കാര്‍; സിഎജിക്ക് കത്ത് നല്‍കി
ചട്ടം 20 (2) പ്രകാരം ഓഡിറ്റിംഗിന് ആവശ്യപ്പെടാനുള്ള അധികാരം മാത്രമേ സിഎജിക്കുള്ളൂ. അനുമതി നല്‍കാനുള്ള അധികാരം സര്‍ക്കാരിനാണെന്നു കത്തില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റിങിന് അനുമതിയില്ലെന്നും ചട്ടം 14(1) പ്രകാരമുള്ള ഓഡിറ്റ് മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ സിഎജിക്കു കത്തു നല്‍കി. കിഫ്ബിയില്‍ ചട്ടം 20 (2) പ്രകാരം സമ്പൂര്‍ണ ഓഡിറ്റിംഗ് ആവശ്യപ്പെട്ടു സിഎജി സര്‍ക്കാരിന് നല്‍കിയ കത്തിനു മറുപടിയായായാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഇതുസംബന്ധിച്ചു നാലു കത്തുകള്‍ സിഎജി സര്‍ക്കാരിന് അയച്ചിരുന്നെങ്കിലും ആദ്യമായാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സിഎജിക്കു മറുപടി നല്‍കിയിരിക്കുന്നത്. കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റിംഗിന് അനുമതിയില്ലെന്നാണു സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചട്ടം 20(2) പ്രകാരം ഓഡിറ്റിന് അനുമതി നിഷേധിച്ച് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണു സിഎജിക്ക് കത്തു നല്‍കിയത്.
ചട്ടം 20 (2) പ്രകാരം ഓഡിറ്റിംഗിന് ആവശ്യപ്പെടാനുള്ള അധികാരം മാത്രമേ സിഎജിക്കുള്ളൂ. അനുമതി നല്‍കാനുള്ള അധികാരം സര്‍ക്കാരിനാണെന്നു കത്തില്‍ വ്യക്തമാക്കുന്നു. കിഫ്ബിയില്‍ സര്‍ക്കാരിന്റെ ഓഹരി കുറഞ്ഞാല്‍ ഓഡിറ്റിംഗ് തന്നെ സാധ്യമാവില്ലെന്ന ആശങ്ക സിഎജി സര്‍ക്കാരിനു നല്‍കിയ നാലാമത്തെ കത്തില്‍ ചൂണ്ടികാട്ടിയിരുന്നു. സര്‍ക്കാര്‍ ഓഹരി കുറഞ്ഞാലും ചട്ടം 14 (2) പ്രകാരം ഓഡിറ്റിംഗ് നടത്താന്‍ മുന്‍കൂര്‍ അനുതി നല്‍കുന്നതായും സര്‍ക്കാര്‍ സിഎജിയെ അറിയിച്ചു.
ചട്ടം 14(1) പ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും സിഎജിക്ക് പരിശോധിക്കാവുന്നതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി സിഎജിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.