സെക്രട്ടറിയേറ്റിലേക്ക് സമാന്തര വാഹനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തില്‍
തിരുവനന്തപുരം: മന്ത്രിമാരുടെ അധികാരങ്ങള്‍ ലഘൂകരിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി വിവാദമായതിനിടെ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ മറികടന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. സെക്രട്ടറിയേറ്റിലേക്ക് സര്‍വീസ് നടത്തുന്ന സമാന്തര വാഹനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ് വിവാദമായത്. സെക്രട്ടറിയേറ്റ് ജീവനക്കാരുമായി സര്‍വീസ് നടത്തുന്ന സമാന്തര വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഗതാഗത സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്കിടെ സെക്രട്ടറിയേറ്റ് എന്ന ബോര്‍ഡ് വച്ച് നിയമവിരുദ്ധമായി സര്‍വീസ് നടത്തിയ സമാന്തര വാഹനം കഴിഞ്ഞദിവസം പിടികൂടിയതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍. അനധികൃത സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരം സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയത്. ഇതിനിടെ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ക്ക് നേരെയും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയും സെക്യൂരിറ്റി ജീവനക്കാര്‍ കയേറ്റശ്രമം നടത്തിയിരുന്നു. കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഉദ്യോഗസ്ഥരുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ പ്രധാനമായും സര്‍ക്കാര്‍ ജീവനക്കാരെ ഉദ്ദേശിച്ചാണ് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസുകള്‍ ആരംഭിച്ചത്. എന്നാല്‍ അനധികൃത സര്‍വീസുകള്‍ക്ക് തടയിടാനായില്ല. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.