അഡ്വ.പൂക്കുഞ്ഞ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു
കൊച്ചി: മുസ് ലിം സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും പിന്നോക്ക സമുദായ സംവരണ അട്ടിമറിക്കെതിരെയുള്ള നിയമപോരാട്ടത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത പൂക്കുഞ്ഞ് ധീരനായ നേതാവായിരുന്നുവെന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍.കലൂര്‍ മെക്ക ഹാളില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലുടനീളം സഞ്ചരിച്ച് സമുദായത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. അദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായ വിടവ് നികത്താന്‍ പുതിയ തലമുറ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. മുന്നോക്ക സംവരണം സംബന്ധിച്ച് ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് എതിരായതിനാല്‍ മരവിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മൗലവി സലിം കൗസരി അധ്യക്ഷത വഹിച്ചു.വിവിധ സാമൂഹിക-സാംസ്‌കാരിക-സംഘടനാ നേതാക്കളായ വി എച്ച് അലിയാര്‍ മൗലവി, അബ്ദുല്‍സലാം മൗലവി ഓണംമ്പിള്ളി, മാവുടി മുഹമ്മദ് ഹാജി, ടി എ മുജീബ് റഹ്മാന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, അബ്ദുല്‍ കബീര്‍, വി എം ഫൈസല്‍, അഡ്വ.എം എം അലിക്കുഞ്ഞ്, എ ജമാല്‍ മുഹമ്മദ്, അജ്മല്‍ കെ മുജീബ് സംസാരിച്ചു.