സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍; ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

പ്രതിപക്ഷ സംഘടനകളാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജീവനക്കാരുടെ ശമ്പളം അവരുടെ അനുമതിയില്ലാതെ പിടിക്കുന്നതു ഭരണ ഘടനാ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹരജി നാളെ പരിഗണിക്കും

Update: 2020-05-04 14:24 GMT

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്വപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പ്രതിപക്ഷ സംഘടനകളാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജീവനക്കാരുടെ ശമ്പളം അവരുടെ അനുമതിയില്ലാതെ പിടിക്കുന്നതു ഭരണ ഘടനാ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ജീവനക്കാരുടെ അഭിപ്രായം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇത് സാമാന്യ നീതിയുടെ ലംഘനമാണ്.ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ ശമ്പളം പിടിക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരുടെ അനുമതി ഇല്ലാതെ 25ശതമാനം ശമ്പളം പിടിക്കാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ ഹരജിയില്‍ പറയുന്നു.ഭരണഘടനയുടെ അനുച്ഛേദം 309 അനുസരിച്ച് ശമ്പളം ജീവനക്കാരുടെ അവകാശമാണ്. കേരള സര്‍വീസ് ചട്ടമുള്‍പ്പെടെയുള്ള നിയമങ്ങള്‍ ഭരണഘടനയുടെ 309 അനുച്ഛേദ പ്രകാരമുള്ളത്. അതുകൊണ്ടു തന്നെ സര്‍വീസിലുള്ള ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനു മറ്റു നിയമങ്ങള്‍ പ്രകാരമാണെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. നിലവിലുള്ള നിയമപ്രകാരം ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള അധികാരം സര്‍ക്കാരിനില്ല. സര്‍വീസ് ചട്ടത്തിലെ നിയമപ്രകാരം ഓരോ മാസവും ചെയ്യുന്ന സേവനങ്ങളുടെ ശമ്പളം നല്‍കണം. ഈ

നിയമത്തില്‍ ഭേദഗതി വരുത്താതെ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. ഇത്തരം ഒരു ഓര്‍ഡിനന്‍സ് വഴി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് തടയാന്‍ സാധിക്കില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് നിയമ സാധുതയില്ല. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് അനുസരിച്ച് ശമ്പളം പിടിക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു. ശമ്പളം പിടിക്കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി ഉള്‍ക്കൊള്ളാതെ തിരക്കിട്ടു തയ്യാറാക്കിയതാണ് ഓര്‍ഡിനന്‍സ് എന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. ഹരജി നാളെ പരിഗണിക്കും.  

Tags:    

Similar News