മദ്യം ലഭിച്ചില്ല; തിരുവനന്തപുരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി
സംഭവത്തില്‍ ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി. ആനാട് സ്വദേശിയായ യുവാവാണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. മദ്യം ലഭിക്കാതിരുന്നതിനാലെന്ന് പ്രാഥമിക വിവരം. മദ്യപാനത്തിന് അടിമയായതിനാല്‍ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിൽസ പൂര്‍ത്തിയാകും മുമ്പ് ഇയാള്‍ ആസ്പത്രിയില്‍ നിന്നു കടന്നതെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നു ലഭിക്കുന്ന പ്രാഥമിക വിവരം.
സംഭവത്തില്‍ ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. യുവാവുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയന്തിര നടപടി ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് ചികിൽസയിലുള്ളവരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ട് ബസില്‍ യാത്ര ചെയ്താണ് ഇയാള്‍ ആനാട് എത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് എത്തവേ നാട്ടുകാര്‍ തടഞ്ഞു വച്ച് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.