ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍; പയ്യോളിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

നഗരസഭാ പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതല്‍ വൈകീട്ട് 5 മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അതോടൊപ്പം കടകളില്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാനും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Update: 2020-07-27 16:34 GMT

പയ്യോളി: ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പയ്യോളി കൂടുതല്‍ നിയന്ത്രണത്തിലേക്ക്. പയ്യോളി നഗരസഭയില്‍ കൊവിഡ് സ്ഥിരീകരിച്ച കുരിയാടിത്താരയിലെ വ്യക്തിക്ക് രോഗം ബാധിച്ചതിന്റെ ഉറവിട സ്ഥാനത്തെക്കുറിച്ചാണ് അവ്യക്തത നിലനില്‍ക്കുന്നത്. വടകര മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഇയാള്‍ക്ക് കഴിഞ്ഞ 23 ന് വടകരയില്‍ നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വടകര മേഖലയില്‍ കോട്ടപ്പറമ്പലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് സമീപത്തെ ചായക്കടക്കാരനും.

എന്നാല്‍, വടകര കോണ്‍വെന്റ്‌റോഡിലെ ചുമട്ടുതൊഴിലാളിയായ പയ്യോളി സ്വദേശി ഈ സ്ഥലങ്ങളില്‍ അടുത്ത ദിവസങ്ങളിലൊന്നും പോയിട്ടില്ലെന്ന വിവരമാണ് ആരോഗ്യപ്രവര്‍ത്തകരുമായിപങ്കുവച്ചത്. ഇതാണ് ഉറവിടം അറിയാത്ത രോഗികളുടെ പട്ടികയില്‍ ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ സാമൂഹ്യവ്യാപനം കണക്കിലെടുത്ത് പയ്യോളി നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനമായി.

നഗരസഭാ പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതല്‍ വൈകീട്ട് 5 മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അതോടൊപ്പം കടകളില്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാനും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭയിലെ 7 വാര്‍ഡുകള്‍ കൂടി കെണ്ടയ്ന്‍മെന്റ് സോണായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചു. കോട്ടയ്ക്കല്‍ ഈസ്റ്റ് (2), ചൊറിയന്‍ ചാലില്‍ (30), കുരിയാടി താര (31), അറുവയല്‍ സൗത്ത് (32), കൊളാവി (33), ചെത്തില്‍താര (34), അറുവയല്‍ (35), കൊളാവി പാലം ബീച്ച് (35) എന്നീ ഡിവിഷനുകളാണ് അടച്ചിടാന്‍ തീരുമാനിച്ചത്.

വടകര ചോറോട് നിന്നും പയ്യോളി ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിവറേജ് അടച്ചിടാന്‍ ഉത്തരവായി. ഇദ്ദേഹം പയ്യോളിയില്‍നിന്നും മദ്യം വാങ്ങി പ്രദേശത്ത് പലര്‍ക്കും വിതരണം ചെയ്തിരുന്നു. അതേസമയം, ബീവറേജ് അടച്ചുപൂട്ടണമെന്നവശ്യപ്പെട്ട് ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ശീതള്‍ രാജ് നേതൃത്വം നല്‍കി. 

Tags:    

Similar News