കൊവിഡ് പ്രതിസന്ധി: മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുന്നതിന് ഡ്രീം കേരള പദ്ധതി

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും.

Update: 2020-07-01 15:29 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുന്നതിന് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലിചെയ്യുന്ന മലയാളി സഹോദരങ്ങള്‍. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്. 2018ലെ സര്‍വെ പ്രകാരം ഒരുവര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപയാണ്. ഇപ്പോള്‍ അത് ഒരുലക്ഷം കോടി രൂപയില്‍ അധികമായിരിക്കും.

2018ലെ കണക്ക് പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയാണ്. പ്രവാസികളുടെ നിക്ഷേപം കേരള വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും തിരികെ എത്തുന്ന പ്രവാസികള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ഈ സര്‍ക്കാര്‍ വന്ന ശേഷം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ലോകകേരള സഭ രൂപീകരിച്ചത്. ഇതുകൂടാതെ, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

എന്നാല്‍, കൊവിഡ് മഹാമാരി ഈ രംഗത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തികാഘാതം എല്ലാ രാജ്യങ്ങളിലെയും വ്യവസായ-വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി. അതിന്റെയടിസ്ഥാനത്തില്‍ ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കയാണ്. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദേശങ്ങളില്‍നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷനലുകളുണ്ട്.

വിവിധ തൊഴിലുകളില്‍ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങള്‍ നടത്തി പരിചയമുള്ളവരുമാണ് ഇവരില്‍ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും.

ഓരോ ആശയവും നടപ്പാക്കുന്നതില്‍ വിദഗ്‌ദോപദേശം നല്‍കുന്നതിന് യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിക്കു രൂപം നല്‍കും. ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കുക. നിര്‍ദേശങ്ങള്‍ വിദഗ്ധസമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളില്‍ വകുപ്പുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും. ഇതിനുവേണ്ടി ഒരു സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കും.

മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റിയില്‍ നിയമസഭ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. പദ്ധതി നടത്തിപ്പിന് ഡോ. കെ എം അബ്രഹാം ചെയര്‍മാനായി വിദഗ്ധസമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ് ഡി ഷിബുലാല്‍ (ഇന്‍ഫോസിസ് സഹസ്ഥാപകന്‍), സി ബാലഗോപാല്‍ (ടെറുമോ പെന്‍പോള്‍ സ്ഥാപകന്‍), സാജന്‍പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുല്‍റസ്സാഖ് (വികെസി ഗ്രൂപ്പ്) എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.

പദ്ധതി നടത്തിപ്പിന്റെ സമയക്രമം

ഡ്രീം കേരള ക്യാംപയിന്‍, ഐഡിയത്തോണ്‍ - ജൂലൈ 15 മുതല്‍ 30 വരെ.

സെക്ടറല്‍ ഹാക്കത്തോണ്‍ - ആഗസ്ത് 1 മുതല്‍ 10 വരെ.

തിരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍ - ആഗസ്ത് 14.

പദ്ധതി നിര്‍വഹണം - 100 ദിവസം. 2020 നവംബര്‍ 15നു മുമ്പ് പൂര്‍ത്തിയാക്കണം. 

Tags:    

Similar News