കൊവിഡ് ബാധിച്ച് ചികിൽസയിൽ കഴിയവേ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഇന്നലെയാണ് ഇയാൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. ആശുപത്രി വേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് സമീപമെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചു.

Update: 2020-06-10 09:30 GMT

തിരുവനന്തപുരം: കൊവിഡ് രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയവേ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽനിന്നു ചാടിപ്പോയ ആനാട് സ്വദേശി ഉണ്ണി (33) ആണ് മരിച്ചത്. ഇന്നു രാവിലെ 11.30ഓടെ ഐസൊലേഷൻ വാർഡിൽ തുണി ഉപയോഗിച്ച് തൂങ്ങുകയായിരുന്നു.

തുടർന്ന് ഗുരുതര നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.  ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കുകയായിരുന്നു.

കടുത്ത മദ്യാസക്തിയുള്ള ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വിത്ത്ഡ്രോവൽ സിൻഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാൾക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായുരുന്നു.

ഇന്നലെയാണ് ഇയാൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. ആശുപത്രി വേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് സമീപമെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ ഇയാളെ വീണ്ടും മെഡിക്കൽ കോളജിലേക്കു എത്തിക്കുകയായിരുന്നു.

തമിഴ്നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റിയത്.

Tags:    

Similar News