രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും പോലിസ് കമ്മീഷണറും അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംഭവത്തില്‍ 10 ജീവനക്കാര്‍ക്ക് കാരണം ആശുപത്രി സൂപ്രണ്ട് കാണിക്കല്‍ നോട്ടീസ് നൽകി. നഴ്‌സുമാരുള്‍പ്പെടെയുള്ളവരോട് ആശുപത്രി സൂപ്രണ്ടാണ് വിശദീകരണം തേടിയത്.

Update: 2020-09-29 06:45 GMT

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കൊവിഡ് പോസിറ്റീവായ മണികണ്ഠശ്വരം സ്വദേശി ആർ അനിൽകുമാറിന്റെ  ശരീരം പുഴുവരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അതിനിടെ, സംഭവത്തില്‍ 10 ജീവനക്കാര്‍ക്ക് കാരണം ആശുപത്രി സൂപ്രണ്ട് കാണിക്കല്‍ നോട്ടീസ് നൽകി. നഴ്‌സുമാരുള്‍പ്പെടെയുള്ളവരോട് ആശുപത്രി സൂപ്രണ്ടാണ് വിശദീകരണം തേടിയത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട ആശുപത്രിയിലേയ്ക്ക് മാറ്റിയ അനില്‍ കുമാറിന്റെ നില ഗുരുതരമാണ്. 

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറും അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. അനിൽ കുമാറിന്റെ ഭാര്യ എസ് അനിതകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. ആഗസ്ത് 22 നാണ്  അനിൽകുമാറിനെ മെഡിക്കൽ കോളേജ് ഓർത്തോ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.  ഐ.സി.യുവിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. എന്നാൽ ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് വീണ്ടും ഐ.സിയുവിൽ പ്രവേശിപ്പിച്ചു. അനിൽകുമാർ ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ പറഞ്ഞതായി പരാതിയിൽ പറയുന്നു. മകന്റെ കൈയിൽ നിന്നും അച്ഛൻ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി ഡോക്ടർ എഴുതി വാങ്ങുകയും ചെയ്തു. ആദ്യത്തെ കൊവിഡ് പരിശോധനയിൽ നെഗറ്റീവായ അനിൽ കുമാർ സെപ്തംബർ 4ന് പോസിറ്റീവായി. തുടർന്ന് മക്കൾ ക്വാറന്റയിനിൽ പ്രവേശിച്ചു. സെപ്തംബർ 24 ന് അനിൽകുമാറിന് കൊവിഡ് നെഗറ്റീവായി. രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ എത്തണമെന്ന നിർദ്ദേശം കിട്ടിയതിനെ തുടർന്ന് ബന്ധുക്കളെത്തി വിടുതൽ വാങ്ങി വീട്ടിലെത്തിക്കുമ്പോഴാണ്  പുഴുവരിച്ച അവസ്ഥ കണ്ടെത്തിയത്. 

കഴുത്തിൽ കിടന്ന കോളർ ഇറുകി തലയുടെ പുറകിൽ മുറിവുണ്ടാകുകയും രണ്ട് തോളിലും ഒരിഞ്ചോളം മുറിവ് കണ്ടതായി ഭാര്യ പറഞ്ഞു. ഇതിലെല്ലാം പുഴവും പഴുപ്പും കണ്ടതായി ഭാര്യ പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിലെ ആറാം വാർഡിലെ ജീവനക്കാർക്കെതിരെ  നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഈ അവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ കർശന നടപടിയാണ് ആവശ്യമെന്നും പരാതിയിൽ പറയുന്നു. 

Tags:    

Similar News