കൊവിഡ് ചികില്‍സ: രണ്ട് ആശുപത്രികളില്‍ കൂടി കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം
ഉഴവൂരില്‍ 154ഉം പാമ്പാടിയില്‍ 50ഉം കിടക്കളാണുള്ളത്. ഇത് യഥാക്രമം 230ഉം 100ഉം കിടക്കകളായി വര്‍ധിപ്പിക്കാനാകും.
കോട്ടയം: ഉഴവൂര്‍, പാമ്പാടി താലൂക്ക് ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം സജ്ജമാക്കി. ഉഴവൂര്‍ ആശുപത്രി സെക്കന്‍ഡ് ലൈന്‍ ചികില്‍സാകേന്ദ്ര (എസ്എല്‍ടിസി) മായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാമ്പാടി ആശുപത്രിയിലെ സിഎഫ്എല്‍ടിസി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എസ്എല്‍ടിസിയാക്കി മാറ്റി. ജില്ലാ കലക്ടര്‍ എം അഞ്ജന വീഡിയോ കോണ്‍ഫറന്‍സിലൂടെ രണ്ടുകേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.
ഉഴവൂരില്‍ 154ഉം പാമ്പാടിയില്‍ 50ഉം കിടക്കളാണുള്ളത്. ഇത് യഥാക്രമം 230ഉം 100ഉം കിടക്കകളായി വര്‍ധിപ്പിക്കാനാകും. ഇതോടെ ജില്ലയില്‍ വിവിധ സെക്കന്‍ഡ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങളിലായി ഓക്സിജന്‍ സംവിധാനമുള്ള 461 കിടക്കകളായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവയാണ് മറ്റു ചികില്‍സാ കേന്ദ്രങ്ങള്‍.
പാലാ ജനറല്‍ ആശുപത്രിയിലും മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലും ഈ സംവിധാനം സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതുകൂടി പൂര്‍ത്തിയാവുന്നതോടെ ജില്ലയില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനമുള്ള 800 കിടക്കള്‍ സജ്ജമാവുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം മാത്യു, ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ജെസി സെബാസ്റ്റ്യന്‍, ഡോ. കെ എ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.