കെ സുരേന്ദ്രന്‍ നേതൃ ഗുണവും സ്വീകാര്യതയുമില്ലാത്ത ചാനല്‍ നേതാവെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി
പിണറായി സര്‍ക്കാരിന്റെ ശബരിമല നവോത്ഥാന സമിതിയില്‍ ഹിന്ദു പാര്‍ലിമെന്റിനെ പ്രതിനിധീകരിച്ച സി പി സുഗതനെ ജോയിന്റ് കണ്‍വീനറാക്കിയിരുന്നു.
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നേതൃ ഗുണവും സ്വീകാര്യതയുമില്ലാത്ത ചാനല്‍ നേതാവ് മാത്രമാണെന്ന് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു പാര്‍ലമെന്റ്. സംഘ പരിവാര്‍ വിദ്വേഷ പ്രചാരകനായ സി പി സുഗതന്‍ ജനറല്‍ സെക്രട്ടറിയായ സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സുരേന്ദ്രനെതിരായ കടന്നാക്രമണം. വിഭാഗീയതയെ തുര്‍ന്ന് പാര്‍ട്ടി വേദികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന കുറിപ്പിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനെതിരായ അധിക്ഷേപങ്ങള്‍.
തന്റെ മാതൃ സംഘടന ആര്‍എസ്എസ് ആണെന്ന് അവകാശപ്പെടുന്ന സി പി സുഗതന്‍ കെ സുരേന്ദ്രനെതിരായ പുതിയ നീക്കം കേരളത്തിലെ സംഘ പരിവാറില്‍ രൂപപ്പെടുന്ന പുതിയ സമവാക്യങ്ങളുടെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.
സ്വര്‍ണ കള്ളക്കടത്തു വിവാദത്തില്‍ കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ സംശയ നിഴലിലായതോടെ സംസ്ഥാന ബിജെപി നേതൃത്വം പ്രതിരോധത്തിലായി. ഇത് വിഭാഗീയ നീക്കങ്ങള്‍ക്കും ആര്‍എസ്എസിന്റെ അതൃപ്തിക്കും ആക്കം കൂട്ടി. വി മുരളീധരനെതിരായ ആരോപണങ്ങള്‍ ശക്തിപ്പെട്ടതിനൊപ്പം മുരളീധരന്‍ പിടിച്ചടക്കിയ സംസ്ഥാന നേതൃത്വത്തിനെതിരെയും വിഭാഗീയ നീക്കങ്ങള്‍ ശക്തമായി.
കെ സുരേന്ദ്രനെ മാറ്റി ശോഭാ സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാക്കണമെന്ന സന്ദേശമാണ് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി പങ്കു വച്ചത്.നേതൃ ഗുണമില്ലാത്ത സംസ്ഥാന ബിജെപിയിലെ നേതൃ ഗുണമുള്ള ഏക നേതാവാണ് ശോഭാ സുരേന്ദ്രനെന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.
''പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ അവരുടെ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.പക്ഷെ ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍കൊണ്ടു അവര്‍ സംസ്ഥാന പ്രസിഡന്റ് ആയില്ല!! അതുമാത്രവുമല്ല ഇപ്പോള്‍ അവര്‍ കേരളത്തില്‍ ആക്റ്റീവ് അല്ല. സമരമുഖങ്ങളില്‍ ഒന്നും അവരെ കാണാനില്ല.സുരേന്ദ്രനോടു പത്രപ്രവര്‍ത്തകര്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ 'അവരോടു ചോദിക്കണം' എന്ന മറുപടിയാണ് നല്‍കിയത്.
ശോഭാസുരേന്ദ്രന്‍ മാത്രമല്ല കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആരും തന്നെ സജീവമല്ല .സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് ആക്കിയതോടുകൂടി മുരളിഗ്രൂപ്പിനു മേല്‍കൈ കിട്ടുകയും മുരളി, സുരേന്ദ്രന്‍, വിവി രാജേഷ് തുടങ്ങിയ പ്രസക്തിയില്ലാത്ത ഒരു വിഭാഗത്തിലേക്ക് ബിജെപി നേതൃത്വം കേന്ദ്രീകൃതമാവുകയും ചെയ്തു.
ടിവി ചാനലുകളുടെ മുന്നിലെ കളിയില്‍ സുരേന്ദ്രന്‍ മിടുക്കനാണെന്നു ശബരിമല വിഷയത്തില്‍ അയാള്‍ തെളിയിച്ചു .പക്ഷെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാത്ത ചാനല്‍ നേതാവായ സുരേന്ദ്രനെ ജയിപ്പിക്കാന്‍ കേരള ഹിന്ദുക്കള്‍ ഇതുവരെ തയാറായിട്ടില്ല .കേരളത്തിലെ സംഘപരിവാര്‍ ഇതര ഹിന്ദു സമൂഹത്തിന്റെ ആദരവ് പിടിച്ചു പറ്റാന്‍ സുരേന്ദ്രനെ പോലെ ഒരാള്‍ക്ക് കഴിയില്ല .സംഘപരിവാറിലെ സൈബര്‍ സംഘികള്‍ക്ക് അയാള്‍ പോപ്പുലര്‍ ആണെങ്കിലും പൊതു ഹിന്ദു സമൂഹം അംഗീകരിക്കുന്ന നേതൃഗുണമൊന്നും അദ്ദേഹത്തിന് ഇല്ല .തമ്മില്‍ തല്ലി ഉത്തരം മുട്ടിയപ്പോള്‍ തമ്മില്‍ ഭേദം തോമ്മനായി സുരേന്ദ്രന്‍ പ്രസിഡന്റ് ആയി വന്നു എന്നേയുള്ളു .. എന്നിങ്ങനെയാണ് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ഇന്നു വൈകീട്ട് പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് കുറിപ്പിലെ പരാമര്‍ശങ്ങള്‍.
പിണറായി സര്‍ക്കാരിന്റെ ശബരിമല നവോത്ഥാന സമിതിയില്‍ ഹിന്ദു പാര്‍ലിമെന്റിനെ പ്രതിനിധീകരിച്ച സി പി സുഗതനെ ജോയിന്റ് കണ്‍വീനറാക്കിയിരുന്നു. നവോത്ഥാന സമിതിയില്‍ നിന്ന് അധികം വൈകാതെ രാജിവച്ച സുഗതന്‍, ആര്‍എസ്എസ് താല്‍പര്യ പ്രകാരം സമിതി പൊളിക്കാനാണ് താന്‍ അതില്‍ അംഗമായതെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നേതൃഗുണമില്ലാത്ത ബിജെപിക്കുള്ളിലെ നേതൃഗുണമുള്ളൊരു മഹിളാരത്‌നമാണ്.പ്രവർത്തകർക്ക്...
Posted by Generalsecretary Hindu Parliament on Thursday, September 24, 2020