നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യ; പോലിസിന്‍റേത് സ്ത്രീവിരുദ്ധ മനോഭാവം: ആനി രാജ

ഗാർഹിക പീഢന പരാതികളിൽ ഒത്തുതീർപ്പാക്കേണ്ട ചുമതലയല്ല പോലിസിന്‍റേതെന്നും സിഐക്ക് എതിരേ സർക്കാർ എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു.

Update: 2021-11-26 15:27 GMT

ന്യൂഡൽഹി: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ അത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള പോലിസിനെതിരേ വിമര്‍ശനവുമായി സിപിഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയുമായ ആനി രാജ. കുടുംബം തകരാതെ നോക്കേണ്ടത് സ്ത്രീകളാണെന്ന മനോഭാവം പോലിസിൽ വലിയ ഒരു വിഭാഗത്തിനുണ്ടെന്നും, ഇത് സ്ത്രീവിരുദ്ധമാണെന്നും ആനി രാജ പ്രതികരിച്ചു.

ഗാർഹിക പീഢന പരാതികളിൽ ഒത്തുതീർപ്പാക്കേണ്ട ചുമതലയല്ല പോലിസിന്‍റേതെന്നും സിഐക്ക് എതിരേ സർക്കാർ എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു. അതേസമയം പോലിസിനെതിരേ ഭരണകക്ഷികളില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പോലിസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വേലിതന്നെ വിളവ് തിന്നുന്നു എന്ന വിശേഷണത്തോടെയാണ് സിപിഐ മുഖപത്രം ജനയുഗം പോലിസിനെ വിമർശിച്ചത്.

സിപിഐ നേതാവ് സി ദിവാകരനും കേരള പോലിസിനെതിരേ രംഗത്തെത്തി. വി എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ കാലത്തെ പോലിസായിരുന്നു നല്ലതെന്ന് സി ദിവാകരൻ വിമര്‍ശിച്ചു. കോടിയേരിയുടെ സാന്നിധ്യത്തിലായിരുന്നു സി ദിവാകരൻറെ കുറ്റപ്പെടുത്തൽ. പണ്ട് ഇടതുമുന്നണി സ‍ർക്കാരാണ് ജനമൈത്രി പോലിസ് ഉണ്ടാക്കി ജനകീയമാക്കിയത്. ഇന്ന് കാണിക്കുന്ന ആക്രമങ്ങൾ പാടില്ലെന്ന് അന്നേ പഠിപ്പിച്ചതാണ്. പക്ഷെ പഠിക്കുന്നില്ലെന്നും ദിവാകരൻ വിമർശിച്ചു.

Similar News