സിപിഐ സംസ്ഥാന സമ്മേളനം 30 മുതൽ

30ന് വൈകീട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് പതാക, ബാനർ, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും.

Update: 2022-09-24 19:30 GMT

തിരുവനന്തപുരം: 24 ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനം സപ്തംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ തലസ്ഥാനത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

30ന് വൈകീട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് പതാക, ബാനർ, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ടി ടി ജിസ്മോന്‍റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എറ്റുവാങ്ങും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കെ പി രാജേന്ദ്രന്‍റ നേതൃത്വത്തിൽ കൊണ്ടുവരുന്ന ബാനർ കെ പ്രകാശ്ബാബുവും നെയ്യാറ്റിൻകര സ്വദേശാഭിമാനി-വീരരാഘവൻ സ്മൃതി മണ്ഡപത്തിൽനിന്ന് ജെ വേണുഗോപാലൻ നായരുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന കൊടിമരം സത്യൻ മൊകേരിയും ഏറ്റുവാങ്ങും.

കേന്ദ്ര കൺേട്രാൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒന്നിന് രാവിലെ കുടപ്പനക്കുന്ന് ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പി വസന്തത്തിന്‍റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖ 9.30ന് പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോർ ഹാളിൽ (വെളിയം ഭാഗവൻ നഗർ) കാനം രാജേന്ദ്രൻ ഏറ്റുവാങ്ങും. സി ദിവാകരൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.

അതുൽ കുമാർ അഞജാൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മാഈൽ എന്നിവരും സംസാരിക്കും. വൈകുന്നേരം നാലിന് ടാഗോർ തിയറ്ററിൽ 'ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും' വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ മൂന്നിന് സംസ്ഥാന കൗൺസിലംഗങ്ങളെയും സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും.

Similar News