എന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്? വിശദീകരിച്ച് പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കാരണങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കന്നത്. പോസ്റ്റിന്റ സമ്പൂര്‍ണരൂപം താഴെ.
''മൂന്നര പതിറ്റാണ്ടുകാലത്തെ സിപിഎമ്മിന്റെ അര്‍ദ്ധ ഫാസിസ്റ്റ് ദുര്‍ഭരണത്തെ തൂത്തെറിഞ്ഞാണ് മമത ബാനര്‍ജി ബംഗാളില്‍ തന്റെ ആധിപത്യമുറപ്പിക്കുന്നത്. മുഖ്യമന്ത്രിപദത്തിലേക്കും ദേശീയ നേതാവെന്ന നിലയിലേക്കുമുള്ള മമതയുടെ യാത്ര അത്ര സുഗമമമായിരുന്നില്ല. ബംഗാളിലുടനീളമുള്ള അതിശക്തമായ സംഘടനാ സംവിധാനവും ഭരണസ്വാധീനവും സിപിഎമ്മിന്റെ അപ്രമാദിത്വവും എല്ലായിടത്തും ശക്തമായ കാലത്തുതന്നെയാണ് മമത തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയില്‍ മമതയെ തെരുവില്‍ കായികമായി നേരിടാനും സിപിഎമ്മിന്റെ ഗുണ്ടാസംഘം ശ്രമിക്കുകയുണ്ടായി. എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ബംഗാളില്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കാന്‍ അവര്‍ക്ക് തുണയേകിയത് ബംഗാളിലെ സാമാന്യജനതയുടെ പിന്തുണ മാത്രമായിരുന്നു. സിദ്ധാര്‍ഥ ശങ്കര്‍റേയുടെ അര്‍ധഫാസിസത്തെ എതിര്‍ത്ത് സിപിഎമ്മിനെ ജയിപ്പിച്ച ജനതയ്ക്ക് അതിലും വലിയ ഫാസിസത്തേയാണ് പിന്നീട് നേരിടേണ്ടിവന്നത്. തൊഴിലാളിവര്‍ഗത്തിന്റെ പേരില്‍ അധികാരത്തിലെത്തിയ ഇവര്‍ അവസാനം നന്ദീഗ്രാമില്‍ കുത്തക മുതലാളിമാര്‍ക്കുവേണ്ടി കര്‍ഷകകരെ വെടിവെച്ചുകൊല്ലുന്നതിലേക്കുവരെ നയിക്കുകയുണ്ടായി. സിപിഎമ്മിന്റെ ജനവിരുദ്ധ വാഴ്ചയ്‌ക്കെതിരായ പോരാട്ടമാണ് മമതയെ ബംഗാളില്‍ അധികാരത്തിലെത്തിച്ചത്.
പൗരത്വഭേദഗതി, കര്‍ഷകസമരം, മണിപ്പൂര്‍ കലാപം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, തുടങ്ങിയ വിഷയങ്ങളില്‍ മമതയുടെ പാര്‍ട്ടിയും അവരുടെ ലോക്‌സഭാ നേതാവ് മെഹുവാ മൊയ്ത്രയും എടുത്ത നിലപാടുകള്‍ ഇന്ത്യയിലാകമാനമുള്ള ന്യൂനപക്ഷങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ഭരണകൂടത്തിന്റെ നയങ്ങളേയും വിശേഷിച്ച് പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തേയും ലോകമാകെ ശ്രദ്ധിക്കുന്ന തരത്തിലേക്ക് ഉയര്‍ത്തിയതുകൊണ്ടുതന്നെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവായ മെഹുവാ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് ഇന്ത്യന്‍ ഭരണകൂടത്തെ നയിച്ചത്. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പാര്‍ലമെന്റില്‍ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാവ് തൃണമൂലിന്റെ മഹുവ മൊയ്ത്ര തന്നെയാണെന്ന് കാണാവുന്നതാണ്.
ഗുജറാത്ത് വംശഹത്യക്കിരയായ ബില്‍ക്കീസ് ബാനുവിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ചതുമുള്‍പ്പെടെയുള്ള കാര്യങ്ങളും ബംഗാളില്‍ നരേന്ദ്രമോദിയുടെ വംശീയ വിദ്വേഷപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമേര്‍പ്പെടുത്തിയും അനുമതി നിഷേധിച്ചും ഇന്ത്യയിലെ ഫാസിസ്‌ററ് ഭരണകൂടത്തിന് ശക്തമായ താക്കീത് നല്‍കാനും മമത ബാനര്‍ജി മുന്നോട്ടുവന്നിട്ടുണ്ട്. പൊതുവില്‍ സംഘപരിവാറിന്റെ ജനവിരുദ്ധ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ കാണിക്കുന്ന ജാഗ്രത ശ്ലാഘനീയമാണ്.
അഖിലേന്ത്യാടിസ്ഥാനത്തില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ മമതാബാനര്‍ജിയുടെ നേതൃത്വത്തെ ബംഗാളിലെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതേതര സമൂഹം നിറഞ്ഞ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.
കേരളത്തില്‍ പിണറായി വിജയന്റെ കുടുംബാധിപത്യത്തിനെതിരെയും ഹിന്ദുത്വനിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ വര്‍ഗീയ നിലപാടുകളോടും എതിരിട്ടുനില്‍ക്കാന്‍ ഇത്തരമൊരു രാഷ്ട്രീയ മുന്നേറ്റം സമകാലിക കേരളവും ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ തൃണമൂലിന്റെ കേരളത്തിലെ രൂപീകരണം കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധശക്തികളേയും ന്യൂനപക്ഷങ്ങളേയും ഒരേ ചരടില്‍ കോര്‍ക്കാനുതകുന്ന തരത്തിലായിരിക്കുമെന്ന ശരിയായ തിരിച്ചറിവാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.
അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ത്യാമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ യുഡിഎഫിന്റെകൂടി ഭാഗമായി പ്രവര്‍ത്തിക്കുകയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യരുടെ അവസ്ഥ സംബന്ധിച്ചും സര്‍ഫാസിയുള്‍പ്പെടെയുള്ള ജനവിരുദ്ധ നടപടികള്‍ക്കെതിരായും പാര്‍ലമെന്റില്‍ നിലപാടുകളെടുക്കാമെന്നുമുള്ള ഉറപ്പുകള്‍ തൃണമൂല്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം എന്നെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോഓര്‍ഡിനേറ്ററായി ഇതിനകം നിയമിച്ചു കഴിഞ്ഞു. സംസ്ഥാനാടിസ്ഥാനത്തില്‍ വിവിധ തലത്തിലുള്ള കമ്മറ്റികള്‍ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെത്തുകയും ചെയ്യുകെന്നതാണ് അടുത്ത ഘട്ടം. അതിന്റെ ഭാഗമായി വരും മാസങ്ങളില്‍ കേരളത്തില്‍ നടക്കുന്ന വിവിധ റാലികളില്‍ പാര്‍ട്ടി നേതാക്കളായ മമതാ ബാനര്‍ജി, മെഹുവാ മൊയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
നിലവില്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് പൂര്‍ണസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംഘാടനത്തിനുവേണ്ടി ചിലവഴിക്കാനാണ് തീരുമാനം. നിലമ്പൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നിരുപാധിക പിന്തുണയും നല്‍കുന്നു. നേരത്തേ നിങ്ങള്‍ നല്‍കിയ സഹായ സഹകരണങ്ങള്‍ പുതിയ പ്രസ്ഥാനത്തിനും നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.
അതിശക്തമായ രാഷ്ട്രീയമുന്നേറ്റത്തിനാണ് വരുംനാളുകളില്‍ കേരളം സാക്ഷ്യംവഹിക്കാന്‍ പോകുന്നത്.''