യുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-01-13 16:28 GMT

കൊല്ലം: മൈനാഗപ്പള്ളിയില്‍ ശ്യാമയെന്ന യുവതി ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തോട്ടുമുഖം ശ്യാം ഭവനില്‍ പൊടി മോന്‍ എന്നറിയപ്പെടുന്ന രാജീവാണ് അറസ്റ്റിലായിരിക്കുന്നത്. വീടിന്റെ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. അമ്പലപ്പറമ്പിലേക്ക് എത്തിയാണ് പ്രതി എല്ലാവരോടും വിവരം പറഞ്ഞത്. ഭാര്യ തലയിടിച്ചുവീണു എന്നും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം വേണം എന്നുമാണ് രാജീവ് എല്ലാവരോടും ആവശ്യപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ സംഘടിച്ച് എത്തിയാണ് ശ്യാമയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പരിശോധിച്ചപ്പോള്‍തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് മരണത്തില്‍ സംശയം തോന്നിയിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും മറ്റും കുത്തിപ്പിടിച്ച പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ശ്യാമ വീട്ടില്‍ തലയിടിച്ചുവീണു എന്ന് മാത്രമായിരുന്നു രാജീവിന്റെ മറുപടി. ആശുപത്രിയില്‍ എത്തുമ്പോള്‍ പ്രതിയും സുഹൃത്തുക്കളും അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു. മാത്രമല്ല, രാജീവിന്റെയും സുഹൃത്തുക്കളുടെയും മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു.

രാത്രി വൈകിയാണ് പ്രതി കുറ്റം സമ്മതിച്ചത്. കല്ലുകടവ് പാലത്തിനു സമീപം കട നടത്തുകയാണ് രാജീവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ദിയ രാജ്, ദക്ഷ രാജ് എന്നിവർ മക്കളാണ്. ബന്ധുക്കൾക്ക് വിട്ടുനൽകിയ ശ്യാമയുടെ മൃതദേഹം രാത്രി സംസ്കരിച്ചു


Similar News