കൊല്ലത്തെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

കുണ്ടറ, പേരയം, കിഴക്കേ കല്ലട, മണ്‍റോ തുരുത്ത് അടക്കമുള്ള പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്.

Update: 2020-12-07 02:21 GMT

കൊല്ലം: മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനും ഹോം സ്‌റ്റേ ഉടമയുമായ മധ്യവയസ്‌കന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഇന്ന് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. കുണ്ടറ, പേരയം, കിഴക്കേ കല്ലട, മണ്‍റോ തുരുത്ത് അടക്കമുള്ള പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാലുവരെയാണ് ഹര്‍ത്താല്‍. വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോം സ്‌റ്റേ ഉടമ മണിലാല്‍ (ലാല്‍-55) ആണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി മണ്‍റോത്തുരുത്ത് കാനറാ ബാങ്കിനുസമീപമായിരുന്നു സംഭവം.

നാട്ടുകാരന്‍തന്നെയായ അശോകന്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മണിലാലിനെ കുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഉടന്‍തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡല്‍ഹി പോലിസില്‍നിന്ന് വിരമിച്ച ബിജെപി പ്രവര്‍ത്തകനായ അശോകനെ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം അവസാനിച്ചശേഷം നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയചര്‍ച്ച നടത്തുന്നതിനിടെ മദ്യലഹരിയില്‍ അശോകന്‍ അസഭ്യവര്‍ഷം നടത്തി. ഇത് കേട്ടെത്തിയ മണിലാല്‍ അശോകനോട് കയര്‍ത്തു.

വീണ്ടും അസഭ്യവര്‍ഷം തുടര്‍ന്നപ്പോള്‍ അശോകനെ മണിലാല്‍ അടിച്ചു. അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നില്‍നിന്നെത്തി അശോകന്‍ കുത്തുകയായിരുന്നു. മണിലാലിനെ കൊന്നത് ആര്‍എസ്എസ് ഗൂഢാലോചനയ്‌ക്കൊടുവിലാണെന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, സംഭവവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും ബിജെപി ജില്ലാ നേതൃത്വം വിശദീകരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നാണ് പോലിസ് പറയുന്നത്.

Tags:    

Similar News