അരുവിക്കരയില്‍ ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചു; സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വികെ മധുവിനെതിരെ നടപടിയെടുത്തേക്കും
മധുവിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയേക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലാണ് ശുപാര്‍ശ.
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ സിപിഎം സ്ഥാനാര്‍ഥി അഡ്വ. ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ മധുവിനെതിരേ പാര്‍ട്ടി നടപടിയെടുത്തേക്കും. അരുവിക്കരയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വികെ മധു സ്ഥാനാര്‍ഥിയാകുമെന്ന് അവസാന നിമിഷം വരെ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, ക്രിസ്ത്യന്‍ നാടാര്‍ സാമുദായിക പരിഗണനയില്‍ മധു സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു.
വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി വികെ മധുവിനെതിരേ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. മധുവിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയേക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലാണ് ശുപാര്‍ശ. വെള്ളിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെസി വിക്രമന്‍ എന്നിവരാണ് അന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നത്. അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത്.
അരുവിക്കരയില്‍ 5046 വോട്ടിന് കെഎസ് ശബരീനാഥിനെയാണ് സ്റ്റീഫന്‍ പരാജയപ്പെടുത്തിയത്.