നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎം- ബിജെപി ധാരണ: മുല്ലപ്പള്ളി
ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്ന സിപിഎമ്മാണ് ലീഗിനെതിരേ ആരോപണം ഉന്നയിക്കുന്നത്. ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന അസംബന്ധമാണ്.
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്ന് കെപിസിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങളും മതേതരവിശ്വാസികളും ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തില്ലങ്കരി ഉപതിരഞ്ഞെടുപ്പ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്. ആര്‍എസ്എസ്സിന്റെ പ്രമുഖ നേതാവ് വല്‍സന്‍ തില്ലങ്കരിയുടെ നാടാണത്.
ശബരിമല വിഷയമുണ്ടായ സമയത്ത് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താനും സിപിഎമ്മും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് വല്‍സന്‍ തില്ലങ്കരി ആദ്യമേ പറഞ്ഞതാണ്. സിപിഎമ്മും ആര്‍എസ്എസ്സും തമ്മിലുള്ള പാലമാണ് താനെന്നാണ് തില്ലങ്കേരി പറഞ്ഞത്. ഇതിന്റെ സ്വാധീനമാണ് ഇപ്പോള്‍ അവിടെ കണ്ടത്. അവിടെയാണ് ബിജെപിക്ക് 2,000 വോട്ടോളം കുറഞ്ഞതും സിപിഎം സ്ഥാനാര്‍ഥി വിജയിച്ചതും. ഇതിലപ്പുറം എന്തുതെളിവാണ് വേണ്ടതെന്ന് മുല്ലപ്പള്ളി ചോദിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വോട്ടുകച്ചവടത്തിന് സിപിഎമ്മും ബിജെപിയും രഹസ്യധാരണയുണ്ടാക്കിയിരുന്നു.
ഡല്‍ഹിയില്‍നിന്നാണ് ചര്‍ച്ച നടന്നത്. അത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഇതുസംബന്ധിച്ച് താന്‍ നേരത്തെ ആരോപണമുന്നയിച്ചിട്ടും നിഷേധിക്കാന്‍ സിപിഎമ്മോ ബിജെപിയോ ഇതുവരെ തയ്യാറായിട്ടില്ല. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്ന സിപിഎമ്മാണ് ലീഗിനെതിരേ ആരോപണം ഉന്നയിക്കുന്നത്. മുസ്‌ലിം ലീഗ് എന്നും മതേതര നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന അസംബന്ധമാണ്. വിലകുറഞ്ഞ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്.
തരാതരം ഹൈന്ദവ, ഹൈന്ദവേതര വര്‍ഗീയതയെ നേരത്തെ വാരിപ്പുണര്‍ന്നവരാണ് സിപിഎം. അവരുടെ ചരിത്രം അതാണ്. കപടമതേതരവാദികളുടെ ജല്‍പനമായി മാത്രമേ ഇതിനെ കാണാനാവൂ. 1977 ല്‍ പിണറായി വിജയന്‍ കൂത്തുപറമ്പില്‍ ബിജെപിയുടെ സഹായത്തോടയാണ് വിജയിച്ചത്. എന്നിട്ടാണിപ്പോള്‍ എവറസ്റ്റ് കൊടിമുടിയില്‍നിന്നുകൊണ്ട് മതേതരം പറയുന്നതെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.