മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ്; വനിതാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ഷില്ലോങ്: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 വനിതാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജാനിക സിയാംഗ്ഷായി, റോണ ഖിംഡിറ്റ്, ബെത്‌ലീന്‍ ദഖര്‍, വെനീഷ്യ പേള്‍ മാവ്‌ലോംഗ്, ഡോ ബനിദാഷിഷ ഖാര്‍കോങ്കോര്‍, ലക്കിന്റ്റീവ് സോക്‌ലെറ്റ്, പിന്‍ഹുന്‍ലാങ് നോംഗ്‌റം, വിക്ടോറിയല്‍നെസ് സിയെംലീഹ്, ഡെബോറ സി മാരക്, ഉട്ടോറ ജി സാഗ്മ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും (എഐസിസി) മേഘാലയ പ്രദേശ് മഹിളാ കോണ്‍ഗ്രസും ചേര്‍ന്നാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ മേഘാലയയിലെ ജനങ്ങളെ സേവിക്കാന്‍ അവര്‍ മുന്നോട്ടുവന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ വനിതാ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനും മുന്നോട്ടുവരാനും ഞങ്ങള്‍ മേഘാലയയിലെ സ്ത്രീകളോട് അഭ്യര്‍ഥിക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും രാഷ്ട്രീയത്തില്‍ സ്ത്രീകളെ പ്രോല്‍സാഹിപ്പിച്ചിരുന്നു. വനിതാ എംഎല്‍എമാര്‍, വനിതാ ക്യാബിനറ്റ് മന്ത്രിമാര്‍, പാര്‍ട്ടി തലത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ്, വനിതാ രാജ്യസഭാ എംപി, മേഘാലയയില്‍ നിന്നുള്ള ദേശീയ വനിതാ കമ്മീഷനിലെ അംഗം എന്നിവര്‍ മേഘാലയയില്‍ നിന്നുണ്ട്.
ഭരണത്തില്‍ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിക്കുന്നുവെന്നും പാര്‍ട്ടി വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. 'മേഘാലയയിലെ സ്ത്രീകള്‍ കഠിനാധ്വാനികളും കാര്യക്ഷമതയുള്ളവരുമാണ്. എന്നിട്ടും തികച്ചും സ്വാശ്രയവും സാമ്പത്തികമായി ശാക്തീകരിക്കപ്പെടാന്‍ പല സ്ത്രീകള്‍ക്കും ഇനിയും ഒരുപാട് ദൂരം പോവാനുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മേഘാലയ, നാഗാലാന്‍ഡ് എന്നീ രണ്ട് സംസ്ഥാനങ്ങളിലും ഫെബ്രുവരി 27 നും വോട്ടെണ്ണല്‍ മാര്‍ച്ച് 2 നും നടക്കും.