കൊടകര കുഴല്‍പ്പണക്കേസ് പ്രതികള്‍ക്ക് സിപിഎം- സിപിഐ ബന്ധം; കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി കോര്‍ കമ്മിറ്റി
കൊച്ചി: സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി കോര്‍ കമ്മിറ്റി യോഗം. കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി പോലിസ് വിലക്കിയതിനെത്തുടര്‍ന്ന് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് മാറ്റി എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം ചേര്‍ന്നത്. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ സിപിഎമ്മുകാരും സിപിഐക്കാരുമാണെന്നും ഇത് മറച്ചുവച്ചാണ് പോലിസ് അന്വേഷണം നടക്കുന്നതെന്നും മുതിര്‍ന്ന ബിജെപി നേതാക്കള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോലിസ് അന്വേഷണം പക്ഷപാതപരമാണ്. കൊടകര ഹവാല കേസ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള സിപിഎം കരുനീക്കമാണ്. ബിജെപിക്കെതിരേ പോലിസിനെ ദുരുപയോഗിക്കുന്നു.
എംഎല്‍എയ്ക്കും എഐഎസ്എഫ് നേതാക്കള്‍ക്കും പങ്കുണ്ട്. ബിജെപിയെയും അതിന്റെ നേതാക്കളെയും പൊതുസമൂഹത്തില്‍ അവഹേളിക്കാനും ഒറ്റപ്പെടുത്താനും ബോധപൂര്‍വമായ ശ്രമമാണ് സിപിഎം നയിക്കുന്ന സര്‍ക്കാര്‍ നടത്തുന്നതെന്ന് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, എന്‍ എന്‍ കൃഷ്ണദാസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത അജണ്ടയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാര്‍ട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്. സംസ്ഥാന പോലിസിനെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കുകയാണ് സിപിഎം. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറും ചോദ്യം ചെയ്യപ്പെടുകയും ആ കേസ് ഇപ്പോഴും മുന്നോട്ടുപോവുന്നുണ്ടെന്ന തിരിച്ചറിവുമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിക്കുന്ന ഒരുഘടകം. കൊടകര കുഴല്‍പണക്കേസിന്റെ പേരില്‍ ബിജെപിയെ ചിന്നഭിന്നമാക്കാന്‍ സാധിക്കില്ല.
ബിജെപിയെ കേരളത്തില്‍ തച്ചുതകര്‍ത്ത് എതിര്‍ശബ്ദമില്ലാക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഫാഷിസ്റ്റ് നടപടിയാണ്. കൊടകര കുഴല്‍പ്പണക്കേസില്‍ ഗൂഢാലോചനയും കരുനീക്കങ്ങളും നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കണം. കേസില്‍ വാദിയുടെ ഫോണ്‍ വിവരങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും പ്രതിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേസില്‍ ധര്‍മരാജന്‍ പരാതിക്കാരനാണ്. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് ചോദ്യം ചെയ്യാന്‍ വിളിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്നും കുമ്മനം ചോദിച്ചു.