ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഎം നേതാക്കള്‍
സിപിഎം എംപി എ എം ആരിഫും ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷുമാണ് കൊച്ചിയില്‍ ഐഷ സുല്‍ത്താനയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചത്
കൊച്ചി: ലക്ഷദ്വപീല്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്ട്രേറ്ററും നടത്തുന്ന നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ കവരത്തിപോലിസ് രാജ്യദ്രോഹക്കേസ് ചുമത്തിയ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ച് സിപിഎം എംപി എ എം ആരിഫും ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും
സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീമിന്റെ നിര്‍ദേശപ്രകാരമാണ് അയിഷ സുല്‍ത്താനയെ സന്ദര്‍ശിക്കാന്‍ എ എം ആരിഫ് എംപി എത്തിയത്.എന്തൊക്കെ പ്രതികാര നടപടികള്‍ ഭരണകൂടം സ്വീകരിച്ചാലും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമെന്ന് ആയിഷ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിയമപരമായ എല്ലാ സഹായവും എംപി വാഗ്ദാനം ചെയ്തു.
മനഃപൂര്‍വം ലക്ഷ്യംവച്ച് ഇല്ലാതാക്കാനുള്ള ദ്വീപ് ഭരണകൂടം നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും എംപിമാരുടെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ആരിഫ് അറിയിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥും ആരിഫിനൊപ്പമുണ്ടായിരുന്നു.ആയിഷയുടെ പോരാട്ടത്തിന് നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാണ് ആയിഷയ്‌ക്കെതിരെ കേസ് എടുത്തതെന്നും എസ് സതീഷ് പറഞ്ഞു.
ബിജെപി നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ആയിഷ സുല്‍ത്താനയെ വേട്ടയാടുകയാണെന്ന് സതീഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാല് തവണ അയിഷയെ കവരത്തി പോലിസ് ചോദ്യംചെയ്തു. മൂന്നുവട്ടം കവരത്തിയില്‍ ചോദ്യംചെയ്യലിന് വിധേയയായ അയിഷയെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയും കവരത്തി പോലിസ് ചോദ്യംചെയ്തു.