തിരഞ്ഞെടുപ്പ് അവലോകനം: സിപിഎം സംസ്ഥാന കമ്മിറ്റി ആരംഭിച്ചു

അപ്രതീക്ഷിത തിരിച്ചടിയുണ്ടായ ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. ഇവയുൾപ്പടെ മിക്ക മണ്ഡലങ്ങളിലും എൽഡിഎഫ് വോട്ടുകൾ വൻതോതിൽ കുറഞ്ഞിട്ടുണ്ട്.

Update: 2019-05-31 06:30 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാനായി സിപിഎം  സംസ്ഥാന കമ്മിറ്റി യോഗം ആരംഭിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിഗണിക്കും.

അപ്രതീക്ഷിത തിരിച്ചടിയുണ്ടായ ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. ഇവയുൾപ്പടെ മിക്ക മണ്ഡലങ്ങളിലും എൽഡിഎഫ് വോട്ടുകൾ വൻതോതിൽ കുറഞ്ഞിട്ടുണ്ട്. പാർട്ടി കോട്ടയായ പാലക്കാട് സീറ്റിൽ കോങ്ങാട്, മണ്ണാർകാട് മണ്ഡലങ്ങളിലെ വോട്ട് ചോർച്ച അന്വേഷിക്കണമെന്നാവശ്വപ്പെട്ട് നേതൃത്വത്തിന് പരാതി ലഭിച്ചതായി സൂചനയുണ്ട്. ഇക്കാര്യങ്ങളും ശബരിമല വിഷയം തിരിച്ചടിയായെന്ന വിലയിരുത്തലുകളും യോഗത്തിൽ ചർച്ചയാവും.

ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ 20 ലോക്സഭാ മണ്ഡലം കമ്മിറ്റികളുടെയും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പിബി റിപ്പോര്‍ട്ടും ഈ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ യുഡിഎഫിന് വോട്ട് ചെയ്തു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത് മറികടക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്നും കേന്ദ്രനേതൃത്വം ചൂണ്ടിക്കാട്ടി. ശബരിമല പത്തനംതിട്ടയില്‍ ബിജെപിക്ക് അനുകൂലമാകാതിരിക്കാന്‍ പ്രചരണം കൊണ്ട് സാധിച്ചുവെന്ന് പാര്‍ട്ടി വിലയിരുത്തി. എന്നാല്‍, ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന വടകരയില്‍ ന്യൂനപക്ഷവോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന് പോയത് തിരിച്ചടിയായത്രേ. 

Tags:    

Similar News