സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ എറണാകുളം മറൈന്‍ഡ്രൈവില്‍; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
37 വര്‍ഷത്തിനു ശേഷമാണ് എറണാകുളം ജില്ല സംസ്ഥാന സമ്മേളനത്തിന് വീണ്ടും വേദിയാകുന്നത്.മറൈന്‍ഡ്രൈവില്‍ സജ്ജീകരിക്കുന്ന വേദിയിലാണ് സമ്മേളനം നടക്കുന്നത്.മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പതിന് സമ്മേളനത്തിന് തുടക്കമാകും.നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ വ്യവസായ മന്ത്രി പി രാജീവ്,കണ്‍വീനര്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തിനായി എറണാകുളം ജില്ല ഒരുങ്ങിക്കഴിഞ്ഞു.37 വര്‍ഷത്തിനു ശേഷമാണ് എറണാകുളം ജില്ല സംസ്ഥാന സമ്മേളനത്തിന് വീണ്ടും വേദിയാകുന്നത്.മറൈന്‍ഡ്രൈവില്‍ സജ്ജീകരിക്കുന്ന വേദിയിലാണ് സമ്മേളനം നടക്കുന്നത്.
മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പതിന് സമ്മേളനത്തിന് തുടക്കമാകും.പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രി പിണറായി വിജയന്‍,എസ് രാചന്ദ്രന്‍പിള്ള,കൊടിയേരി ബാലകൃഷ്ണന്‍,ബൃന്ദ കാരാട്ട്,എം എ ബേബി,ജി രാമകൃഷ്ണന്‍ പങ്കെടുക്കും.സമ്മേളനത്തിനോടനുബന്ധിച്ച് സെമിനാറുകള്‍,നാടകങ്ങള്‍,കഥാപ്രസംഗം, ഫ്യൂഷന്‍ സംഗീതം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.മാര്‍ച്ച് രണ്ടിന് വൈകുന്നേരം അഞ്ചിന് ഭരണഘടന,ഫെഡറലിസം,മതനിരപേക്ഷത,ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് മൂന്നിന് വൈകന്നേരം അഞ്ചിന് നടക്കുന്ന സാംസ്‌ക്കാരിക സംഗമം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.മാര്‍ച്ച് നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക.നാനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.എം സ്വരാജ്,ഗോപി കോട്ടമുറിയ്ക്കല്‍,കെ ചന്ദ്രന്‍പിള്ള,എം സി ജോസഫൈന്‍,എസ് ശര്‍മ്മ,പ്രഫ എം കെ സാനു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.