സിപിഎമ്മിന്റെ ഖുര്‍ആന്‍ സ്‌നേഹം വഞ്ചനാപരം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
സ്വര്‍ണക്കടത്ത് കേസില്‍ ഒരേപോലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ബിജെപിയും സിപിഎമ്മും തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ വിശുദ്ധ ഖുര്‍ആനെ രാഷ്ട്രീയതാല്‍പ്പര്യങ്ങളോടെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇടതുപക്ഷത്തിനും ബിജെപിക്കും ഒരേസമയം രക്ഷപ്പെടാനുള്ള ദ്വിമുഖ രാഷ്ട്രീയതന്ത്രമാണ് ഖുര്‍ആന്‍ വിവാദം കത്തിച്ചു നിര്‍ത്തുന്നതിലൂടെ സിപിഎം പയറ്റുന്നത്.
മലപ്പുറം: ഭരണ- രാഷ്ട്രീയരംഗങ്ങളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സ്വര്‍ണക്കടത്തില്‍നിന്ന് കരകയറാന്‍ സിപിഎം വിശുദ്ധ ഖുര്‍ആനെ ആയുധമാക്കുകയാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍. സ്വര്‍ണക്കടത്ത് കേസില്‍ ഒരേപോലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ബിജെപിയും സിപിഎമ്മും തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ വിശുദ്ധ ഖുര്‍ആനെ രാഷ്ട്രീയതാല്‍പ്പര്യങ്ങളോടെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇടതുപക്ഷത്തിനും ബിജെപിക്കും ഒരേസമയം രക്ഷപ്പെടാനുള്ള ദ്വിമുഖ രാഷ്ട്രീയതന്ത്രമാണ് ഖുര്‍ആന്‍ വിവാദം കത്തിച്ചു നിര്‍ത്തുന്നതിലൂടെ സിപിഎം പയറ്റുന്നത്.
മന്ത്രി കെ ടി ജലീലിനെതിരായ ആക്ഷേപങ്ങളെ ഖുര്‍ആന്‍ വിരുദ്ധമായി വ്യാഖ്യാനിക്കുന്ന സിപിഎം രാഷ്ട്രീയസ്വാര്‍ഥതയ്ക്ക് വേണ്ടി അപകടകരമായ വര്‍ഗീയകാര്‍ഡ് കളിക്കുകയാണെന്ന് ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സമുദായവികാരം ഇളക്കിവിട്ട് മുസ്‌ലിം ജനവിഭാഗങ്ങളെ ഒപ്പംനിര്‍ത്താനുള്ള നിലവാരമില്ലാത്ത രാഷ്ട്രീയനാടകമാണ് സിപിഎമ്മിന്റെ ഖുര്‍ആന്‍ സ്‌നേഹത്തിനു പിന്നില്‍. മറുവശത്ത് ബിജെപിക്ക് സ്വര്‍ണക്കടത്തിനെ ഖുര്‍ആന്‍ കടത്താക്കി ചിത്രീകരിച്ച് ഹിന്ദു വികാരം ഇളക്കിവിട്ട് വര്‍ഗീയധ്രുവീകരണം നടത്താനുള്ള സുവര്‍ണാവസരം കൂടിയാണ് സിപിഎം ഒരുക്കിക്കൊടുത്തിരിക്കുന്നത്.
മന്ത്രി കെ ടി ജലീലിന്റെ പേരിലുള്ള ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്തേക്ക് വിശുദ്ധ ഖുര്‍ആന്‍ പ്രതിഷ്ഠിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ട്. സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് തുടക്കം മുതല്‍ ആവര്‍ത്തിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ സംശയാസ്പദമായ നിലപാട് മറച്ചുപിടിക്കാനുള്ള നിക്ഷിപ്ത താല്‍പര്യം ഇതിനു പിന്നിലുണ്ട്. ആര്‍എസ്എസ് ചാനലായ ജനം ടിവി എഡിറ്റര്‍ അനില്‍ നമ്പ്യാരടക്കമുള്ളവര്‍ തിരശ്ശീലയ്ക്കു പിന്നിലൂടെ രക്ഷപ്പെടുകയാണ്. നയതന്ത്രചാനലിലൂടെ അനധികൃതമായി എന്തുകടത്തുന്നതും കുറ്റകരമാണെന്നിരിക്കെ സ്വര്‍ണക്കടത്തിനെ മറച്ചുവച്ച് ഖുര്‍ആനിനെ രാഷ്ട്രീയപ്രതിരോധത്തിന്റെ ആയുധമാക്കി മാറ്റുന്ന വിലകുറഞ്ഞ സിപിഎം തന്ത്രം സമൂഹം തിരിച്ചറിയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദേശ ഖുര്‍ആന്‍ കോപ്പികള്‍ കേരളത്തിലേക്ക് യഥേഷ്ടം നിയമവിധേയമായി കാലങ്ങളായി എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിന് നയതന്ത്ര ബാഗേജിന്റെ മറവിലുള്ള ഒളിച്ചുകടത്തല്‍ ആവശ്യമില്ല. ഖുര്‍ആനിനെ മറയാക്കി വമ്പിച്ച തോതില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ പ്രതികളുടെയും അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്ന രാഷ്ട്രീയ, ഭരണനേതൃത്വങ്ങളുടെയും മുഖംമൂടിയാണ് വലിച്ചുകീറപ്പെടേണ്ടത്. ഗെയില്‍ പദ്ധതിക്കെതിരായ ജനകീയപ്രക്ഷോഭത്തില്‍ അണിചേര്‍ന്ന മലബാറിലെ മുസ്‌ലിം ജനവിഭാഗങ്ങളെ ആറാം നൂറ്റാണ്ടിലെ പ്രാകൃത സംസ്‌കാരത്തിന്റെ വക്താക്കളായി പരിഹസിച്ച സിപിഎം ഇപ്പോള്‍ വിശുദ്ധ ഖുര്‍ആന്റെ മഹത്വമോതുന്നത് തികഞ്ഞ രാഷ്ട്രീയകാപട്യവും അവസരവാദവുമാണ്.
ഖുര്‍ആന്‍ കോപ്പി പൂജാവസ്തു ആയതുകൊണ്ടല്ല മുസ്‌ലിംകള്‍ അത് പരിശുദ്ധമാണെന്ന് പറയുന്നത്. പ്രപഞ്ചനാഥനായ ഏകദൈവത്തിനു മാത്രമേ വിധേയപ്പെടാവൂ എന്നും മനുഷ്യരൊക്കെയും തുല്യരും സമന്മാരുമാന്നെന്നുമുള്ള സമത്വസിദ്ധാന്തവും സാര്‍വത്രികമായ സാമൂഹികനീതിയും ഉയര്‍ത്തിപ്പിടിക്കുന്ന, അഴിമതിക്കാര്‍ക്കും മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കും എതിരായ വിമോചനാശയങ്ങളാണ് ഖുര്‍ആനിനെ പവിത്രമാക്കുന്നത്. ഈ വസ്തുത ഖുര്‍ആനെ തരാതരം പോലെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് വലിച്ചിഴയ്ക്കുന്ന നേതാക്കള്‍ അറിഞ്ഞിരിക്കണം.
ലോക മുസ്‌ലിംകള്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന വിശുദ്ധ ഖുര്‍ആനെ അഴിമതിക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനുളള രാഷ്ട്രീയ കച്ചിത്തുരുമ്പായി ദുരുപയോഗപ്പെടുത്താനുള്ള സിപിഎമ്മിന്റെ തരംതാണ ശ്രമങ്ങള്‍ ഖുര്‍ആനോടും മുസ്‌ലിം സമുദായത്തോടുമുള്ള അവഹേളനമാണെന്നും പാര്‍ട്ടി നേതൃത്വം എത്രയുംവേഗം അതില്‍നിന്ന് പിന്‍മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി, സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്വി, സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി, സംസ്ഥാന സമിതി അംഗം നിഷാദ് റഷാദി, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹാദി മൗലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.