സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍
കസ്റ്റംസിന്റെ കൊച്ചിയിലെ പ്രിവന്റീവ് ഓഫിസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.രാവിലെ 10 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏഴു മണിയോടെയാണ് അവസാനിച്ചത്.തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയച്ചു.മൊഴി വിശദമായ പരിശോധിച്ച ശേഷം മാത്രമെ വീണ്ടും വിളിപ്പിക്കണോ എന്ന കാര്യത്തില്‍ കസ്റ്റംസ് തീരുമാനമെടുക്കുകയുള്ളുവെന്നാണ് സൂചന
കൊച്ചി: നിയമ സഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ അയ്യപ്പനെ കസ്റ്റംസ് ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു.കസ്റ്റംസിന്റെ കൊച്ചിയിലെ പ്രിവന്റീവ് ഓഫിസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.ഇന്ന് രാവിലെ എട്ടു മണിയോടെ എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ അയ്യപ്പന്‍ ഇവിടെ നിന്നും ഓട്ടോറിക്ഷയില്‍ ഒമ്പതു മണിയോടെയാണ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരായത്.തുടര്‍ന്ന് 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏഴു മണിയോടെയാണ് അവസാനിച്ചത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതികളായ സ്വപ്‌ന സുരേഷ്,പി എസ് സരിത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരശേഖരത്തിന്റെ ഭാഗമായിട്ടാണ് അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയതെന്നാണ് വിവരം. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ സാവകാശം തേടി കസ്റ്റംസിന് കത്ത് നല്‍കിയെങ്കിലും ഹാജരാകണമെന്ന് കസ്റ്റംസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് നിയമസ സഭാ സമ്മേളനം ആരംഭിച്ച ഇന്ന് അയ്യപ്പന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായത്.അയ്യപ്പന്റെ മൊഴി വിശദമായ പരിശോധിച്ച ശേഷം മാത്രമെ അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കണോ എന്ന കാര്യത്തില്‍ കസ്റ്റംസ് തീരുമാനമെടുക്കുകയുള്ളുവെന്നാണ് സൂചന.