കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ്; ആവശ്യം നിരസിച്ച് കോടതി
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ തള്ളിയത്.ഏഴു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.നേരത്തെ ഏഴു ദിവസം അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയിരുന്നു
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടി നല്‍കണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ തള്ളിയത്.ഏഴു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.നേരത്തെ ഏഴു ദിവസം അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയിരുന്നു. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടത്.
എന്നാല്‍ കോടതി ഇത് നിരസിക്കുകയായിരുന്നു.സ്വര്‍ണക്കടത്തിന് ടിപി കേസിലെ പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സംരക്ഷണമുണ്ടെന്നും നിലവില്‍ പരോളിലുള്ള മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പിടിച്ചെടുത്തുവെന്നും നാളെ ചോദ്യം ചെയ്യിനു ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മുഹമ്മദ് ഷാഫിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അര്‍ജ്ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടിക്കിട്ടുന്ന പക്ഷം നാളെ മുഹമ്മദ് ഷാഫിക്കൊപ്പമിരുത്തി അര്‍ജ്ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യാമെന്നായിരുന്നു കസ്റ്റംസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോടതി കസ്റ്റംസിന്റെ അപേക്ഷ നിരസിക്കുകയാണ് ചെയ്തിരിക്കുന്നത്.