പ്രതിപക്ഷ പാർട്ടികളുടെ അണികൾ അസഭ്യവർഷത്തിൽ പൂണ്ട് വിളയാടുന്നവർ: മുഖ്യമന്ത്രി
മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും എഴുത്തുകാർക്കും നേരെ നടന്ന സൈബർ ആക്രമങ്ങൾ ഓരോന്നായി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികളുടെ അണികൾ സൈബർ ഇടങ്ങളിൽ അസഭ്യ വർഷത്തിൽ പൂണ്ട് വിളയാടുന്നവരാണെെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾക്കെതിരായ സൈബർ ആക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിൽ കൂടി സ്വന്തം ജനപ്രതിനിധികളോടെങ്കിലും മാന്യമായി ഇടപെടാൻ പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും എഴുത്തുകാർക്കും നേരെ നടന്ന സൈബർ ആക്രമങ്ങൾ ഓരോന്നായി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഒരാൾക്ക് നേരേയും വ്യക്തിപരമായ ആക്രമണം പാടില്ലെന്നാണ് തന്റെ നിലപാട്. അതു സൈബർ ഇടത്തിലായാലും മാധ്യമങ്ങളുടെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. അതു ഈ കാലത്ത് മാത്രമല്ല എല്ലാ കാലത്തും അങ്ങനെയാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണനെ ആക്രമിച്ചത് ഒരു പ്രമുഖ മാധ്യമസ്ഥാപനമായിരുന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ മുടി സിപിഎം പ്രവർത്തകർ മുറിച്ചെന്ന് ആക്ഷേപിച്ച് ഒരു മാധ്യമം ഒന്നാം പേജിൽ വാർത്ത നൽകി. എന്നിട്ട് തെറ്റാണെന്ന് കണ്ടപ്പോൾ തിരുത്തിയോ, മാപ്പ് പറഞ്ഞോ മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം സംഭവങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ആർക്കും നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.