പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം; സസ്‌പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

Update: 2024-05-19 05:06 GMT
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിപ്പോര്‍ട്ട് കൈമാറാത്തതില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഡ് ചെയ്ത ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ വികെ ബിന്ദുവിനാണ് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയത്. തുറമുഖ വകുപ്പില്‍ ആണ് പുതിയ നിയമനം.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകള്‍ കേന്ദ്രത്തിലേക്ക് അയക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു മൂന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. കാലതാമസത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി ഉദ്യോഗസ്ഥരോട് പ്രതികരണം തേടിയിരുന്നു. മറുപടിയില്‍ തൃപ്തരാകാത്ത സാഹചര്യത്തിലാണ് ഒരു ഡെപ്യൂട്ടി സെക്രട്ടറിയെയും സെക്ഷന്‍ ഓഫീസറെയും സഹായിയെയും സസ്പെന്‍ഡ് ചെയ്തത്.

കേസിന്റെ വിജ്ഞാപനവും ചില രേഖകളും മാര്‍ച്ച് ഒമ്പതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്. സസ്‌പെന്‍ഷന്‍ നടപടിയിലൂടെ വിവാദങ്ങളില്‍ നിന്ന് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം അടക്കം അന്ന് ആരോപിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് സിബിഐ അന്വേഷണം നിര്‍ത്തിവയ്ക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള തന്ത്രമാണെന്നായിരുന്നു സിദ്ധാര്‍ത്ഥന്റെ പിതാവ് ടി ജയപ്രകാശിന്റെ ആരോപണം.





Tags:    

Similar News