കൊറോണ ബോധവൽകരണം; പോലിസുകാരെ മാവേലി വേഷം കെട്ടിക്കാനുള്ള തീരുമാനം പിൻവലിച്ചു
പോലിസുകാര്‍ മാവേലി വേഷം കെട്ടേണ്ടെന്നും വേഷം കെട്ടാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്നുമാണ് ഉത്തരവ്.
തിരുവനന്തപുരം: ഓണമെത്തിയ സാഹചര്യത്തിൽ കൊറോണ ബോധവൽകരണത്തിനായി പോലിസുകാരെ മാവേലി വേഷം കെട്ടിക്കാനുള്ള തീരുമാനം പിൻവലിച്ചു. വേഷം കെട്ടണമെന്ന നിർദേശം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് പിൻവലിച്ചത്. പൊതുജനങ്ങൾക്കുള്ള കോറോണ ബോധവത്കരണവുമായി ഇന്ന് രാവിലെ 10.30 ന് പാളയം ജങ്ഷനിലും കണ്ണിമേര മാര്‍ക്കറ്റിലും പോലിസുകാരെ മാവേലി വേഷത്തിൽ എത്തിക്കാനായിരുന്നു തീരുമാനം. മാവേലിയെ വരവേല്‍ക്കുന്നതിനായി സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാർ ഉപാദ്ധ്യായ, ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം) ഡോ.ദിവ്യ വി ഗോപിനാഥ് എന്നിവര്‍ എത്തുമെന്നും പോലിസ് അറിയിച്ചിരുന്നു.
എന്നാൽ ഇതിനെതിരേ പോലിസിൽ തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷണറുടെ പുതിയ നിര്‍ദേശം. പോലിസുകാര്‍ മാവേലി വേഷം കെട്ടേണ്ടെന്നും വേഷം കെട്ടാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്നുമാണ് ഉത്തരവ്. പ്രധാന ജങ്ഷനുകളില്‍ മാവേലിയുടെ വേഷം കെട്ടി നിന്ന് കൊവിഡ് ബോധവല്‍ക്കരണം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നത്.