എംഎല്‍എക്കെതിരേ അപവാദം: നാലു പേര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

Update: 2019-03-02 17:05 GMT

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റില്ലാതെ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ യാത്ര ചെയ്തു എന്ന് പ്രചരിപ്പിച്ച നാലു സിപിഎം-ഡിവൈഎഫ് പ്രാദേശിക നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. എംഎല്‍എയുടെ സ്വകാര്യ അന്യായത്തിലാണു നടപടി. കുപ്പാടി അയ്യന്‍ വീട്ടില്‍ ലിജോ ജോണ്‍, പുല്‍പള്ളി ഇളന്നിയില്‍ മുഹമ്മദ് ഷാഫി, കുപ്പാടി കൊന്നക്കാട് വിനീഷ്, പഴേരി തണ്ടാംപറമ്പില് ഋതുശോഭ് എന്നിവര്‍ക്കെതിരെയാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജിഎസ് ചന്ദന കേസെടുക്കാന്‍ ഉത്തരവിട്ടത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. എംഎല്‍എ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ ശ്രമിച്ചതായി സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണം നടത്തിയെന്നാണ് പരാതി. എംഎല്‍എക്ക് ടിക്കറ്റെടുക്കാന്‍ പണം നല്‍കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ സംഭാവനയും പിരിച്ചിരുന്നു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ലോ ഫ്‌ളോര്‍ ബസില്‍ എംഎല്‍എ യാത്ര ചെയ്തപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദീര്‍ഘദൂര ബസുകളിലടക്കമുള്ള എംഎല്‍എമാരുടെ സൗജന്യ പാസ് കാണിച്ചപ്പോള്‍ ലോഫ്‌ളോറിന് ഇത് ബാധകമാണോ എന്ന സംശയത്തില്‍ കണ്ടക്ടര്‍ ഓഫിസുമായി ബന്ധപ്പെട്ടു. വിവരമറിഞ്ഞ അന്നത്തെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി എംഎല്‍എക്ക് ടിക്കറ്റ് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

Tags:    

Similar News