ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും: പിഡിപി
എവിടെയെങ്കിലും കുറ്റകൃത്യം നടന്നതായി വിവരം ലഭിക്കുകയാണെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥന്‍ പ്രോസിക്യൂഷന് വിധേയനാവേണ്ടിവരുമെന്നും സുപ്രിംകോടതി നിരവധി വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
കോഴിക്കോട്: ഡല്‍ഹിയിലെ വംശീയകലാപത്തിന് കോപ്പുകൂട്ടിയ വിദ്വേഷപ്രസംഗത്തിന് കാരണക്കാരനായ ബിജെപി നേതാവിനെതിരേയുള്ള കേസ് പരിഗണിച്ച ജഡ്ജിയെ അര്‍ധരാത്രിയില്‍ സ്ഥലംമാറ്റിയ നടപടി നീതിന്യായ വ്യവസ്ഥയില്‍ ഇരകളായ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാവുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരേ നിയമപരമായി സ്വീകരിക്കേണ്ട നടപടികളില്‍ പോലിസ് സ്വീകരിച്ച നിഷ്‌ക്രിയത്വത്തിനെതിരേ ഒരു ന്യായധിപന്റെ കടമ മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്.
എവിടെയെങ്കിലും കുറ്റകൃത്യം നടന്നതായി വിവരം ലഭിക്കുകയാണെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥന്‍ പ്രോസിക്യൂഷന് വിധേയനാവേണ്ടിവരുമെന്നും സുപ്രിംകോടതി നിരവധി വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ ബാധ്യത നിര്‍വഹിച്ച ന്യായാധിപനെ പ്രതികാരനടപടിയായി സ്ഥലംമാറ്റിയതില്‍ സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണ്. അതിനുശേഷം കുറ്റക്കാരായവര്‍ക്കെതിരേ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി മുന്‍ ഉത്തരവിനെ അവഗണിച്ച് കുറ്റക്കാര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കാനുതകുന്ന പുതിയ വിധി പുറപ്പെടുവിച്ചത് ഈ ആരോപണം ശരിവയ്ക്കുന്ന നടപടിയാണ്.
കലാപത്തിലും കൊള്ളിവയ്പ്പിലും ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ അവസാന അത്താണികളായി കോടതികള്‍ക്ക് മാറാനാവുന്നില്ലെങ്കില്‍ രാജ്യം ഗുരുതരമായ നീതിന്യായധ്വംസനത്തിലേക്ക് ചെന്നെത്തുകയെന്നും അതിനെതിരേ മതേതരവിശ്വാസികളുടെ അതീവജാഗ്രതയുണ്ടാവണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മമദ് റജീബ് പറഞ്ഞു.