ഡല്‍ഹി കലാപം: ന്യൂനപക്ഷ കമ്മീഷന്റെ കണ്ടെത്തല്‍ ഗൗരവതരമെന്ന് പികെ കുഞ്ഞാലികുട്ടി എംപി
കലാപം സൃഷ്ടിക്കുന്നതില്‍ ബിജെപി നേതാവ് കപില്‍ മിശ്രയുടെ പങ്ക് റിപ്പോര്‍ട്ട് വസ്തുനിഷ്ഠമായി സംശയങ്ങള്‍ക്കിടയില്ലാത്ത വിധത്തില്‍ സ്ഥാപിക്കുന്നുണ്ട്.
മലപ്പുറം/ന്യുഡല്‍ഹി: നിരവധി പേര്‍ക്ക് ജീവനും സമ്പത്തും നഷ്ടമായ ഡല്‍ഹി കലാപം തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളിയുടെ തുടര്‍ച്ചയായുണ്ടായതെന്ന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് ഗൗരവകരമാണന്ന് പികെ കുഞ്ഞാലികുട്ടി. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്റെ നേതൃതത്തിലുള്ള ഒമ്പതംഗ വസ്തുതാന്യേഷണ കമ്മറ്റിയുടെ കണ്ടത്തല്‍ കലാപത്തില്‍ ബിജെപിയുടെ പങ്ക് കൃത്യമായി പുറത്തു കൊണ്ടു വന്നിട്ടുണ്ട്.
കലാപം സൃഷ്ടിക്കുന്നതില്‍ ബിജെപി നേതാവ് കപില്‍ മിശ്രയുടെ പങ്ക് റിപ്പോര്‍ട്ട് വസ്തുനിഷ്ഠമായി സംശയങ്ങള്‍ക്കിടയില്ലാത്ത വിധത്തില്‍ സ്ഥാപിക്കുന്നുണ്ട്. നേരത്തെ തന്നെ അദ്ദേഹത്തിന്റെ പങ്ക് മതേതര കക്ഷികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കപില്‍ മിശ്രക്കെതിരെ കേസെടുക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. പകരം വിവാദ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളേയും മറ്റ് ആക്ടിവിസ്റ്റുകളെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് പോലിസിന് താല്‍പ്പര്യം.
ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനെ പോലും അറസ്റ്റ് ചെയ്യാനാണ് ഡല്‍ഹി പോലിസ് ശ്രമിച്ചത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃതത്തില്‍ ഷാഹീന്‍ ബാഗില്‍ നടന്ന സമരത്തെ ഇല്ലാതാക്കുക എന്ന ബിജെപിയുടെ കുടിലതന്ത്രമായിരുന്നു ഡല്‍ഹി കലാപത്തിന് പിന്നില്‍. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ നിരപരാധികളെ വേട്ടയാടുന്നത് ലജ്ജാകരമാണന്നും എംപി പറഞ്ഞു.