കോഴിക്കോട്: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വംശീയ ഉന്‍മൂലനത്തിനു ആഹ്വാനം ചെയ്യുകയും കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത സഘപരിവാര്‍ നേതാക്കള്‍ക്ക് സംരക്ഷണവും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ജനനേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന ഭരണകൂടനിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കലാപത്തില്‍ പ്രതിചേര്‍ത്ത് കേസെടുത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം.
കൊവിഡ് പശ്ചാത്തലത്തില്‍ പൗരത്വപ്രക്ഷോഭകരെ കേസില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ മൗനം പാലിച്ചവര്‍, അടുത്ത ഇരകള്‍ തങ്ങളായിരിക്കുമെന്നുകൂടി തിരിച്ചറിയാന്‍ തയ്യാറാവേണ്ടതുണ്ട്. സംഘപരിവാര്‍ വിരുദ്ധ പോരാളികളെയെല്ലാം കേസില്‍ കുടുക്കി പൗരത്വപ്രതിഷേധം ദുര്‍ബലമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഫാഷിസത്തിനെതിരേ വിരല്‍ ചൂണ്ടുന്നവരെ കണ്ണിലെ കരടായി കാണുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാതിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരേ യോചിച്ച പോരാട്ടത്തിന് തയ്യാറാവണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.