വാര്‍ത്ത നല്‍കാതിരിക്കാന്‍ മൂന്നു കോടി ആവശ്യപ്പെട്ടു; നോളജ് സിറ്റി-ചാനല്‍ വിവാദം മുറുകുന്നു
കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ നോളജ് സിറ്റിക്കെതിരേ വാര്‍ത്തയാക്കാന്‍ പോകുന്ന ദൃശ്യങ്ങളും വാര്‍ത്തയുടെ ഉള്ളടക്കവും അടങ്ങുന്ന സിഡി നോളജ് സിറ്റി സാരഥിയെ കാണിച്ച് ആറു മാസം മുമ്പ് പണം ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
സ്വന്തം പ്രതിനിധി
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിക്കെതിരേ വാര്‍ത്ത നല്‍കാതിരിക്കാന്‍ മൂന്നു കോടി രൂപ ആവശ്യപ്പെട്ടുവെന്ന വിവാദം പുതിയ തലത്തിലേക്ക്. മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലിനെതിരെയാണ് ആരോപണം. കൈതപ്പൊയിലിനടുത്ത മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണം നടക്കുന്നത് ഭൂനിയമങ്ങള്‍ ലംഘിച്ചാണെന്ന് മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു.
2021 ഒക്ടോബറിലാണ് മര്‍കസ് നോളജ് സിറ്റിയിലെ 'ഭൂമി തിരിമറി'യെ കുറിച്ച് പ്രസ്തുത ചാനലില്‍ ആദ്യം വാര്‍ത്ത വന്നത്. നോളജ് സിറ്റി തോട്ടം ഭൂമി തരം മാറ്റിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വിശദ വാര്‍ത്തയും നല്‍കി. കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ നോളജ് സിറ്റിക്കെതിരേ വാര്‍ത്തയാക്കാന്‍ പോകുന്ന ദൃശ്യങ്ങളും വാര്‍ത്തയുടെ ഉള്ളടക്കവും അടങ്ങുന്ന സിഡി നോളജ് സിറ്റി സാരഥിയെ കാണിച്ച് ആറു മാസം മുമ്പ് പണം ആവശ്യപ്പെട്ടു എന്നാണ് ആരോപണം. പണം ആവശ്യപ്പെട്ടുകൊണ്ട് ചാനല്‍ ജീവനക്കാരനല്ലാത്ത ആള്‍ അന്ന് കാണിച്ച ദൃശ്യങ്ങളും ഉള്ളടക്കവുമാണ് അടുത്ത ദിവസം ചാനല്‍ റിപോര്‍ട്ട് ചെയ്തതെന്നാണ് നേളജ് സിറ്റി കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.
വാര്‍ത്ത നല്‍കാതിരിക്കാന്‍ പണം ആവശ്യപ്പെട്ടവരും ചാനല്‍ പ്രവര്‍ത്തകരും തമ്മില്‍ ബന്ധമുള്ളതിന്റെ തെളിവാണിതെന്നും നോളജ് സിറ്റി കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. മാഫിയാ സംഘങ്ങളുമായുള്ള മാധ്യമ പ്രവര്‍ത്തകരുടെ അവിശുദ്ധ ബന്ധങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെയും ഗുണ നിലവാരത്തെയും തകര്‍ക്കുന്നതിന്റെ തെളിവാണ് നോളജ് സിറ്റിക്കെതിരായ ചാനല്‍ വാര്‍ത്തയെന്നാണ് മര്‍കസ് കേന്ദ്രങ്ങള്‍ ആക്ഷേപിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തി ക്രിമിനലുകള്‍ നടത്തുന്ന വിലപേശലുകള്‍ പുതിയ തലത്തിലേക്ക് വളരുകയാണെന്നും അതിന്റെ തെളിവാണ് ഒരു ചാനലിന്റെ കോഴിക്കോട് ലേഖകനെ മുന്നില്‍ നിര്‍ത്തി ഗൂഢ സംഘങ്ങള്‍ നടത്തുന്ന വിലപേശലെന്നും നോളജ് സിറ്റിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപന മേധാവി തേജസ് ന്യൂസിനോട് പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ചാനലിനെ ഉപയോഗിച്ച് നോളജ് സിറ്റി പ്രോജക്ടിനെ തകര്‍ക്കും എന്നൊക്കെ പലരും ഭീഷണിപ്പെടുത്തിയതായും പ്രമുഖരെ നേരില്‍ ബന്ധപ്പെട്ട് വന്‍ തുക ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.