സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ട് ജില്ലകളില്‍ രണ്ടാഴ്ചക്കിടെ മരിച്ചത് ആറുപേർ

ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ചികില്‍സയിലുള്ളത് 2179 പേരാണ്.

Update: 2020-06-18 04:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്. സംസ്ഥാനത്താകെ അരലക്ഷത്തോളം പേര്‍ പകര്‍ച്ച വ്യാധിക്ക് ചികിത്സയിലാണ്. ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ചികില്‍സയിലുള്ളത് 2179 പേരാണ്. 

ജനുവരി മുതല്‍ ഏപ്രില്‍ വരെ 779 ഡെങ്കിക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 587352 പേര്‍ക്ക് പനിയും. ചിക്കുന്‍ഗുനിയ 212, എലിപ്പനി 151, കുരങ്ങ്പനി 16 ഇങ്ങനെയാണ് പനിക്കണക്കുകള്‍. ഏപ്രില്‍ മാസത്തില്‍ 34 പേര്‍ക്ക് ഡെങ്കി ബാധിച്ചു. ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത് 152 പേരും. 14 എലിപ്പനി കേസുകളും. 42232 പേര്‍ക്ക് പനി ബാധിച്ചു. 

ഡെങ്കിപ്പനി മൂലമുള്ള മരണങ്ങള്‍ ആരോഗ്യരംഗത്ത് കേരളം നേടുന്ന നേട്ടങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത് കേരളത്തിലാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. 16 പേരാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 3486 ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തിനു തൊട്ടുപിന്നിലുള്ളത് 13 പേര്‍ മരിച്ച കര്‍ണാടകയാണ്. എന്നാല്‍ കര്‍ണാടകയില്‍ 14139 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും മരണസംഖ്യ 13ല്‍ പിടിച്ചു നിര്‍ത്താനായി. മൂന്നാം സ്ഥാനത്ത് 12 പേര്‍ വീതം മരിച്ച മഹാരാഷ്ട്രയും കര്‍ണാടകയുമുണ്ട്. മഹാരാഷ്ട്രയില്‍ 9899 കേസുകളും ഗുജറാത്തില്‍ 8410 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

2018ല്‍ സംസ്ഥാനത്ത് 4090 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 32 പേര്‍ മരിക്കുകയും ചെയ്തിരുന്നു. 2017ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 165 പേര്‍. ആ വര്‍ഷം 21993 കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016ല്‍ 7218 പേര്‍ക്ക് സംസ്ഥാനത്ത് ഡെങ്കി ബാധിക്കുകയും 21 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

അതേസമയം, മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെങ്കിപ്പനി നേരിടുന്നതില്‍ സംസ്ഥാനം വിജയിച്ചിട്ടുണ്ട്.

Tags:    

Similar News