ഡിജിറ്റല്‍ റീസര്‍വേ: 1,500 സര്‍വയര്‍മാരെയും 3,200 ഹെല്‍പര്‍മാരെയും നിയമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ 1,550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വേ പദ്ധതിയുടെ ഒന്നാം ഘട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി 1,500 സര്‍വയര്‍മാരെയും 3,200 ഹെല്‍പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിന് സര്‍വേ ഡയറക്ടര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ അടിസ്ഥാനത്തിലാണ് നിയമിക്കുക. ജില്ലാ കലക്ടറായിരിക്കും നിയമനാധികാരി.
എസ്എസ്എല്‍സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. മൂന്നുമാസത്തെ ചെയിന്‍ സര്‍വേ, സര്‍വേ ടെസ്റ്റ് ലോവര്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേയര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്, എംജിടിഇ/ കെജിടിഇ, ഡിപ്‌ളോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ ക്വാണ്ടിറ്റി സര്‍വേയിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, മോഡേണ്‍ സര്‍വേ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയിലൊരു യോഗ്യതയും സര്‍വേയര്‍ക്കുണ്ടായിരിക്കണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സേവനത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. നിയമിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്ന് വീഴ്ച ബോധ്യപ്പെട്ടാല്‍ കരാര്‍ റദ്ദാക്കും.