ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി; കോട്ടയത്ത് ഡോക്ടർ പിടിയിൽ

മുണ്ടക്കയം സ്വദേശിയായ രോഗിയോട് കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു.

Update: 2022-08-23 01:02 GMT

കോട്ടയം: ശസ്ത്രക്രിയയ്ക്കുവേണ്ടി കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ. സുജിത്ത് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. മുണ്ടക്കയം സ്വദേശിയായ രോഗിയോട് കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു.

ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധനാ മുറിയിൽവെച്ച് പണം കൈമാറുന്നതിനിടയിൽ സുജിത്ത് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു.

ശസ്ത്രക്രിയക്ക് മുമ്പ് ഡോക്ടർ 2000 രൂപ വാങ്ങിയിരുന്നു. തുടർന്നാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രോഗിയെ സർജറിക്ക് വിധേയനാക്കിയത്. സർജറി കഴിഞ്ഞ് വാർഡിൽ വച്ച് രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് രോ​ഗിയുടെ മകൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

Similar News