കെഎസ്ഇബി ബില്ലുകൾ അടച്ച ഗാർഹിക ഉപഭോക്താക്കൾക്കും സബ്സിഡി ലഭിക്കും

സബ്സിഡി കണക്കാക്കിയതിനുശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാൻ അനുവദിക്കും.

Update: 2020-07-05 13:00 GMT

തിരുവനന്തപുരം: ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച വൈദ്യുതി ബില്ലുകൾ നിലവിൽ അടച്ചു കഴിഞ്ഞ ഗാർഹിക ഉപഭോക്താക്കൾക്കും അർഹമായ സബ്സിഡി ജൂലൈ 6 മുതലുള്ള ബില്ലുകളിൽ കുറവുചെയ്ത് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സബ്സിഡികൾ

1. ദ്വൈമാസ ഉപയോഗം 40 യൂണിറ്റോ അതിൽ താഴെയോ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളിൽ അവരുടെ ഉപയോഗം എത്രയായാലും അത് സബ്സിഡിയായി കണക്കാക്കി പണം അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2. ദ്വൈമാസ ഉപയോഗം 80 യൂണിറ്റോ അതിൽ താഴെയോ ഉള്ള 1000 വാട്സിൽ താഴെ കണക്റ്റഡ് ലോഡുള്ള ബി പി എൽ ഉപഭോക്താക്കൾക്ക് 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളിൽ, അവരുടെ ഉപയോഗം എത്രയായാലും നിലവിൽ ലഭിച്ചിരുന്ന 1.50 രൂപ/ യൂണിറ്റ് എന്ന നിരക്കിൽത്തന്നെ വൈദ്യുതി ചാർജ് കണക്കാക്കും.

3. ശരാശരി പ്രതിമാസ ഉപയോഗം 50 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കൾക്ക് 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളിൽ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബിൽ തുകയെക്കാൾ അധികമായി വന്ന തുകയുടെ 50% സബ്സിഡിയായി നൽകും.

4. ശരാശരി പ്രതിമാസ ഉപയോഗം 100 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കൾക്ക് 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളിൽ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബിൽ തുകയെക്കാൾ അധികമായി വന്ന തുകയുടെ 30% സബ്സിഡിയായി നൽകും.

5. ശരാശരി പ്രതിമാസ ഉപയോഗം 150 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കൾക്ക് 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളിൽ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബിൽ തുകയെക്കാൾ അധികമായി വന്ന തുകയുടെ 25% സബ്സിഡിയായി നൽകും.

6. ശരാശരി പ്രതിമാസ ഉപയോഗം 150 യൂണിറ്റിനു മുകളിൽ വരുന്ന ഉപഭോക്താക്കൾക്ക് 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളിൽ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബിൽതുകയെക്കാൾ അധികമായി വന്ന തുകയുടെ 20% സബ്സിഡിയായി നൽകും.

7. 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള ബിൽ തുക കണക്കാക്കുമ്പോൾ, ലോക്ക് ഡൗൺ കാലയളവിനു മുമ്പുള്ള ഡോർ ലോക്ക് അഡ്ജ്സ്റ്റ്മെന്റോ, മുൻ ബിൽ കുടിശ്ശികയോ, മറ്റേതെങ്കിലും കണക്കിൽ അടയ്ക്കാനുള്ളതോ ഒഴിവാക്കിയായിരിക്കും സബ്സിഡി തുക/ബിൽ തുകയിലെ വ്യത്യാസം കണ്ടെത്തുക.

8. അർഹരായ ഉപഭോക്താക്കൾക്ക് ലഭിച്ച സബ്സിഡി തുക ബില്ലിലും രസീതിലും വ്യക്തമായും പ്രത്യേകമായും രേഖപ്പെടുത്തി നൽകും.

9. ഗാർഹിക ഉപഭോക്താക്കൾക്ക് 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കാൻ പരമാവധി 5 പ്രതിമാസ തവണകൾ അനുവദിക്കും. ഇങ്ങനെ ലഭിച്ച ബില്ലുകളുടെ തുക ഒരുമിച്ചോ തവണകളായോ 31.12.2020 നുമുമ്പ് അടയ്ക്കുന്ന പക്ഷം യാതൊരു പലിശയും ഈടാക്കുകയില്ല.

10. സബ്സിഡി ലഭിക്കുന്ന തരത്തിൽ ബില്ലിംഗ് സോഫ്റ്റ്‌വെയർ പരിഷ്ക്കരിക്കുന്നതു വരെയുള്ള കാലയളവിൽ, 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കുന്നവർക്ക് ബിൽ തുകയുടെ 70% അടയ്ക്കാൻ ഓപ്ഷൻ അനുവദിക്കും.

സബ്സിഡി കണക്കാക്കിയതിനുശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാൻ അനുവദിക്കും.

Tags:    

Similar News